എല്ലാവിധ ഭക്ഷ്യോത്്പന്നങ്ങളും പരിശോധിക്കപ്പെടണം
Thursday, September 19, 2019 10:53 PM IST
പുതിയ ഭക്ഷ്യസംസ്കാരം നമ്മിൽ പലരെയും നിത്യരോഗികളാക്കി മാറ്റുന്നുണ്ട്. ഒരു വീട്ടിൽ ഒരു നിത്യരോഗിയെങ്കിലും ഉണ്ടാകുന്ന സ്ഥിതിയിലേക്കു "ഭക്ഷ്യ മാഫിയകൾ ' പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. അതിന്റെ ഒടുവിലത്തെ കണ്ണിയാണ് പൊതുചടങ്ങുകളിൽ നമ്മൾ അകത്താക്കുന്ന ഭക്ഷണപദാർഥങ്ങളിലെ നിലവാരം കുറഞ്ഞ ഉത്്പന്നങ്ങൾ. കേരളത്തിൽ ഇന്നു പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു സേവന മേഖലയാണ് കാറ്ററിംഗ് സർവീസുകൾ. ആരുടെയും പരിശോധന ഇല്ലാത്ത ഒരു സ്ഥലമായി ഇവിടങ്ങൾ മാറിയിരിക്കുന്നു.
നല്ല കിടമത്സരമുള്ള ഈ മേഖലയെ ആശ്രയിച്ച് അനേകം വ്യക്തികൾ ഉപജീവനം ചെയ്യുന്നുമുണ്ട്. എന്നാൽ, ഈ അടുത്ത കാലത്തായി അധികൃതരും ആരോഗ്യപ്രവർത്തകരും പുറത്തുവിടുന്ന റിപ്പോർട്ടുകൾ ആശാസ്യകരമല്ല. കാറ്ററിംഗ് സർവീസുകാർ പലരും കുറഞ്ഞ റേറ്റിൽ ഓർഡർ പിടിക്കുകയും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുകയുമാണെന്നാണ് റിപ്പോർട്ട്.
ഇവർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം പാചകം ചെയ്യുന്നതിനു ഗുണനിലവാരം കുറഞ്ഞ എണ്ണയും പാലും പാലുത്്പന്നങ്ങളും മത്സ്യവും മാംസവും എത്തിക്കാൻ തമിഴ്നാട്ടിൽനിന്നുള്ള പ്രത്യേക ഏജന്റുമാർ ഉണ്ടെന്നാണ് അറിവ്. ഈ ക്രയവിക്രയത്തിലൂടെ ഇരുകൂട്ടരും വലിയ ലാഭം കൊയ്യുന്നു.
തട്ടുകടകളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും പരിശോധിക്കപ്പെടുന്നില്ല. ഇത്തരം കടകളിലെ ജോലിക്കാരിൽ കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
തട്ടുകടകളിലെ ഉപഭോക്താക്കളിൽ നല്ലൊരു പങ്ക് വിദ്യാസന്പന്നരും ഉദ്യോഗസ്ഥരും ആണെന്നുള്ളത് മറ്റൊരു യാഥാർഥ്യം. യാതൊരു അനുവാദവും ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം തട്ടുകടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയോ ആരോഗ്യവകുപ്പിന്റെയോ യാതൊരുവിധ പരിശോധനകളുമില്ല.
ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നവരെ കൂട്ടത്തോടെ എതിർക്കുന്നുവെന്നതും നാടിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രളയ കാലത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ നമ്മുടെയും വരുംതലമുറയുടെയും ആരോഗ്യസംരക്ഷണത്തിനായുള്ള ഇത്തരം വിഷയങ്ങളിലും പൊതുസമൂഹം ഒറ്റക്കെട്ടായി നിന്നാൽ മാറ്റങ്ങളുണ്ടാക്കാൻ കഴിയും.
സുഗതൻ എൽ. ശൂരനാട്, കൊല്ലം