കേരമില്ലാതെ കേരളം
Thursday, September 26, 2019 11:08 PM IST
കേരം തിങ്ങി നിറഞ്ഞ കേരളം എന്ന പേര് ലഭിച്ച കേരളത്തിൽ ഇപ്പോൾ കേരവൃക്ഷം ഇല്ലാതാവുകയാണ്. 50 ദിവസം കൂടുന്പോൾ ആയിരക്കണക്കിന് നാളികേരം ലഭിച്ചിരുന്ന സ്ഥലത്ത് വീട്ടാവശ്യത്തിന് മാർക്കറ്റിൽനിന്ന് കൂടുകളിൽ തേങ്ങ വാങ്ങേണ്ട സ്ഥിതിയാണ് ഇന്ന്. മൂത്തുപാകമാകാത്ത തേങ്ങ കൃത്രിമ മാർഗങ്ങളിലൂടെ മൂപ്പ് തോന്നുംവിധം മാർക്കറ്റിൽ എത്തിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്നു. വെളിച്ചെണ്ണയാണെങ്കിൽ പല പേരിൽ ആകർഷകമാക്കി മാർക്കറ്റിൽ ഇറക്കുന്നു. പരിശോധനയിൽ മായം കണ്ടെത്തി സ്ഥാപനം പൂട്ടിക്കുന്പോൾ മറ്റൊരു പേരിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു.
കേന്ദ്രസർക്കാരിന്റെ കീഴിൽ നാളികേര ഡെവലപ്മെന്റ് ബോർഡ് ഉണ്ട്. അതാത് വർഷം നാളികേര വികസനത്തിന് വലിയ കോടികൾ ബജറ്റിൽ ഉൾക്കൊള്ളിക്കുന്നുമുണ്ട്. എന്നാൽ ഈ പണം എവിടെ ചെലവഴിക്കുന്നുവെന്ന് മാത്രം അറിയില്ല. മലയാളിയായ ടി.കെ. ജോസ് രണ്ടു വർഷം ചെയർമാനായപ്പോൾ കേരളത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് വീണ്ടും കേരം തിങ്ങുന്ന ഒരു നാടാകണമെന്ന ഉദ്ദേശ്യത്തോടെ പല പദ്ധതികളും നടപ്പിൽ വരുത്തി. എന്നാൽ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതോടെ നാളികേര കൃഷിയുടെ അവസ്ഥ പഴയതു തന്നെയായി.
കേരള സർക്കാരിന്റെ കൃഷി മന്ത്രി കർഷകരുടെ ഉന്നമനത്തിനായി പല നല്ല കാര്യങ്ങളും നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ തെങ്ങിന്റെ കാര്യത്തിൽ ഇത് എത്രമാത്രം വിജയിച്ചു എന്ന് പറയാനാകുന്നില്ല. തൊഴിലാളികളുടെ ക്ഷാമം പരിഗണിച്ച് ഉടമയ്ക്ക് തന്നെ പരിപാലിക്കാൻ കഴിയുന്ന മലേഷ്യൻ കുള്ളൻ തെങ്ങുകൾ കേരളത്തിൽ പരീക്ഷിച്ചു വരുന്നു. തെങ്ങുകൃഷിയെ പ്രോത്സാഹിപ്പിക്കുവാൻ കൃഷിഭവൻ വഴി 35 തൈകൾ നട്ട് ജലസേചനം, വളം, അടക്കം സബ്സിഡി നിരക്കിൽ പദ്ധതി നടപ്പിൽ വരുത്തുകയും ചെയ്തു. എന്നാൽ കീടശല്യത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. പുതിയ ഇനത്തിൽപെട്ട തെങ്ങുകൾക്ക് പഴയ വർഗം തെങ്ങുകളേക്കാൾ കൂടുതൽ കീടശല്യം ഉണ്ടാകുന്നുണ്ട്.
പണ്ടുകാലത്ത് കൊന്പൻചെല്ലി, ചെന്പൻചെല്ലി എന്നീ തെങ്ങുകളുടെ അന്തകരുടെ എണ്ണം ഇതുപോലെ കണ്ടിട്ടില്ല. അന്ന് കുരുന്ന് ഓല മാത്രം മുറിച്ചു കളയുന്ന ചെല്ലികൾ മാത്രമേ കൂടുതലായി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തെങ്ങുകൾക്ക് വലിയ ദോഷം ചെയ്തിരുന്നില്ല. കൊന്പൻചെല്ലി, ചെന്പൻചെല്ലി ഇവ മുറ്റത്തുനിൽക്കുന്ന തെങ്ങിൻ തൈകളിൽ പോലും മടലിന്റെ ഇടയിൽ കവിൾ തുളച്ച് കയറി ഇരുന്ന് മുട്ട ഇടുന്നു. കൂന്പ് മറിഞ്ഞു വീഴുന്പോൾ മാത്രമേ കർഷകന്റെ ശ്രദ്ധയിൽ പെടാറുള്ളൂ.
കേരളത്തിൽ തെങ്ങുകൃഷി നശിച്ചു പോകാതിരിക്കണമെങ്കിൽ കൃഷി ഡിപ്പാർട്ട്മെന്റിന്റെ സഹകരണം കാര്യമായി ഉണ്ടാകേണ്ട അവസ്ഥയാണ്. മുന്പൊരിക്കൽ എലികളെ നശിപ്പിക്കുവാൻ ഡിപ്പാർട്ടമെന്റ് കർഷകരെക്കൊണ്ട് ഒരാഴ്ച തുടർച്ചയായി വിഷം പുരയിടങ്ങളിൽ വച്ച് എലികളെ നശിപ്പിച്ചതുപോലെ ഈ ചെല്ലികളെയും പൂർണമായി ഉന്മൂലനാശം വരുത്താവുന്ന മാർഗങ്ങൾ നടപ്പിൽ വരുത്തണം. കേര കർഷകരുടെ പേടി സ്വപ്നമായി മാറിയിരിക്കുന്ന ഈ ചെല്ലി വർഗങ്ങളെ ഈ നാട്ടിൽനിന്നു തുരുത്താനുള്ള ഒരു മാർഗം കണ്ടെത്തി നടപ്പാക്കിയില്ലെങ്കിൽ നമ്മുടെ കേരളം കേരമില്ലാത്ത ഒരു നാടാകും താമസിയാതെ.
ടോമി ഇളംതോട്ടം, മണിമല