തിന്മസീരിയലുകൾ നിരോധിക്കണം
Wednesday, October 9, 2019 10:59 PM IST
ഇപ്പോൾ കേരളം കുറ്റബോധത്തോടെ ചർച്ചചെയ്യുന്നത് കുടുംബാംഗങ്ങളെ വിഷം കൊടുത്ത് കൊന്നുവെന്നു പോലീസ് പറയുന്ന സ്ത്രീയെക്കുറിച്ചാണ്. പല കുടുംബത്തിലും അത്തരം മനസുള്ള സ്ത്രീകൾ വളർന്നുവരുന്നുണ്ട് എന്ന ആശങ്ക നാം മറക്കരുത്.
ദിവസവും വൈകുന്നേരങ്ങളിൽ ചാനലുകൾ മത്സരിച്ചു സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെല്ലാം ഇത്രയുമോ ഇതിനേക്കാളുമോ ദുഷ്ടത നിറഞ്ഞ സ്ത്രീകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. പകയുടെയും വെറുപ്പിന്റെയും ചതിയുടെയും പ്രതീകങ്ങളായ അത്തരം കഥാപാത്രങ്ങൾ പ്രതികാരത്തിന്റെയും കൊലപാതകങ്ങളുടെയും പുതിയ വഴികളുടെ അവതാരകരായി മാറുന്നു.
സമൂഹത്തെ മുഴുവൻ നശിപ്പിക്കാൻ കഴിയുന്ന വിഷങ്ങളാണ് ഈ സീരിയലുകൾ.
സിനിമകളിലും ഇത്തരം സന്ദർഭങ്ങൾ ധാരാളമുണ്ടെങ്കിലും അത് ഏതാനും മണിക്കൂറോ ദിവസമോ മാത്രം കാണികളുടെ മനസിൽ നിൽക്കുന്പോൾ, ദുഷ്ട സീരിയലുകളിലെ കഥാപാത്രങ്ങൾ മാസങ്ങളോ വർഷങ്ങളോ ഒരേ ഭയാനകതയോടെ കണ്മുന്നിൽ നിലനിൽക്കുകയാണ്. സമൂഹത്തിനു തെറ്റായ സന്ദേശങ്ങൾ നൽകുന്ന തിന്മ സീരിയലുകൾ നിരോധിക്കുക തന്നെ വേണം. പകരം പല രീതിയിലും നല്ല കഥകൾ ഉണ്ടാക്കാൻ സാധിക്കുമല്ലോ.
ജോഷി ബി. ജോണ് മണപ്പള്ളി, കൊല്ലം