ഭാഷയും ദേശീയോദ്ഗ്രഥനവും
Wednesday, October 30, 2019 11:48 PM IST
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിനു പ്രേരകശക്തിയായത് ഇംഗ്ലീഷ് വിദ്യാഭ്യാസമാണ്. സ്വാതന്ത്ര്യാനന്തരം ഭാരതത്തെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളാക്കി വിഭജിക്കുകയാണ് ചെയ്തത്. എങ്കിലും ഭാരതത്തെ ഒന്നായി കാണാനുള്ള വ്യവസ്ഥകൾ ഭരണഘടനയിലുൾക്കൊള്ളിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന ആശയമായിരുന്നു അത്. ഈ ആശയം നടപ്പാക്കാൻ വേണ്ടിയാണ് വിദ്യാലയങ്ങളിൽ ത്രിഭാഷാ പദ്ധതി ആവിഷ്കരിച്ചത്.
അങ്ങനെ ഇംഗ്ലീഷും മാതൃഭാഷയും ഹിന്ദിയും പഠിപ്പിക്കാൻ തുടങ്ങി. ദേശീയോദ്ഗ്രഥനത്തിനു ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന ആശയം മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു എന്നീ ദേശീയ നേതാക്കൾ ആദ്യംതന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്നാൽ, ഇത്രമാത്രം വൈവിധ്യങ്ങളുള്ള ഈ രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ സാധ്യമല്ലല്ലോ. അതിനായി അവർ കണ്ടത് ഹിന്ദിയുടെയും സംസ്കൃതത്തിന്റെയും മൂലമായ ദേവനാഗരി ലിപിയെ ആണ്. ഭാരതത്തിലെ എല്ലാ ഭാഷകൾക്കും ഇതുപയോഗിക്കാമന്ന നിർദേശവും അവർ വച്ചു. ഭാരതത്തിന് മൊത്തം ഒരു ലിപി എന്നതാണ് അതിന്റെ ആശയം. എന്നാൽ, അന്നത്തെ ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ എതിർപ്പുകാരണം അതു നടന്നില്ല എന്നു പറയപ്പെടുന്നു.
ഇംഗ്ലീഷ് ഉൾപ്പെടുന്ന ലാറ്റിൻ ലിപി ഭാരതത്തിലെ ഭാഷകൾക്കു കടമെടുക്കുന്നതു പോരായ്മയാണ്. അതുകൊണ്ട് ദേശീയഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന ആശയം ഉടലെടുത്തു. ദക്ഷിണേന്ത്യയിലെയോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയോ ഭാഷകൾ ദേശീയഭാഷകളാക്കാൻ സാധ്യമല്ലല്ലോ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഭാഷകളിൽതന്നെ ലിപിയിലും ഭാഷാഘടനയിലും മറ്റും വലിയ അന്തരമുണ്ട്. അതുപോലെ ഉർദുവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭാഷകളും നമുക്കു പരിചിതമല്ല. ഇംഗ്ലീഷ് മാത്രമാണ് എല്ലായിടത്തും ഒരു പോംവഴി.
പക്ഷേ ഭാരതത്തിന്റെ സംസ്കാരത്തനിമയ്ക്ക് സ്വന്തമായ ഒരു ഭാഷ വേണ്ടേ? അവിടെയാണു ഹിന്ദിയുടെ പ്രാധാന്യം ഉടലെടുക്കുന്നത്. സ്വദേശവിദേശ ടൂറിസം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ വ്യാപാരസ്ഥാപനങ്ങളിലും ബസുകളിലും റോഡിലെ ദിശാസൂചകങ്ങളിലും മലയാളം മാത്രമെഴുതിയാലുണ്ടാകുന്ന ബുദ്ധിമുട്ട് മലയാളം അറിയാത്തവർക്ക് എത്രമാത്രം ഉണ്ടാകുന്നുവെന്ന് നാം മനസിലാക്കേണ്ടതല്ലേ. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയാൽ അന്യനാട്ടുകാർക്ക് എത്രമാത്രം സഹായകരമാകും. നമ്മളും ആ ഹിന്ദി സംസ്ഥാനങ്ങളിലെത്തിയാൽ ഇതേ അനുഭവമല്ലേ. ഒരു പൊതുഭാഷയോ പൊതു ലിപിയോ ഇല്ലാതെവന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വലുതാണ്.
യൂറോപ്പിലെ കൊച്ചുകൊച്ചു രാജ്യങ്ങളിൽകൂടി സഞ്ചരിക്കുന്പോൾ അവർക്കു തനതായ ഭാഷകളുണ്ടെന്ന് അറിയാമല്ലോ. എന്നാൽ, അവയിൽ ബഹുഭൂരിപക്ഷത്തിനും ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന ലാറ്റിൻ ലിപിയാണുള്ളത്. അതുകൊണ്ട് ഓരോ രാജ്യത്തു ചെന്നാലും അവിടത്തെ ഭാഷ വായിക്കാൻ സാധിക്കും. അർഥം മനസിലാക്കാൻ ഒരു പോക്കറ്റ് ഡിക്ഷ്ണറി മതിയാകും. പൊതു ഭാഷയോ പൊതുലിപിയോ ഉണ്ടായിരുന്നെങ്കിൽ നമുക്കും ആ സൗകര്യം ലഭിക്കുമായിരുന്നില്ലേ?
നമ്മുടെ പുതുതലമുറ എല്ലായ്പ്പോഴും മലയാളം മാത്രം പറഞ്ഞുകൊണ്ട് കേരളത്തിൽതന്നെ ജീവിക്കേണ്ടവരാണോ? നമുക്കെല്ലാവർക്കും സ്വന്തം അമ്മയെപ്പോലെ തന്നെയാണ് നമ്മുടെ മാതൃഭാഷ. അതു പഠിക്കുകതന്നെ വേണം. പക്ഷേ ആഗോളതലത്തിൽ കുടിയേറുന്ന മലയാളികൾക്ക് ഇംഗ്ലീഷ് അനിവാര്യമാണ്. അതുപോലെ ജോലിക്കും പഠനത്തിനും മറ്റും ഉത്തരേന്ത്യയിൽ ചേക്കേറുന്ന മലയാളിക്ക് ഹിന്ദിയും അത്യാവശ്യമാണ്. നമ്മുടെ ഭാഷാസ്നേഹികളും സാംസ്കാരിക നായകന്മാരും ഇക്കാര്യം പരിഗണിക്കേണ്ടതല്ലേ?
ഹിന്ദിയുടെ മൂലഭാഷയായ സംസ്കൃതം ഒരു ക്ലാസിക്കൽ ഭാഷയാണ്. ഐച്ഛികമായി അതു പഠിക്കുന്നതിനു സൗകര്യം കൊടുക്കുന്നതിൽ എന്താണു തെറ്റ്? നമ്മുടെ പല സ്കൂളുകളിലും കോളജുകളിലും അറബിയും സുറിയാനിയും ഐച്ഛികവിഷയങ്ങളാക്കി പഠിപ്പിക്കുന്നില്ലേ? എന്നാൽ, സംസ്കൃതത്തെ മാത്രം എന്തുകൊണ്ട് അവഗണിക്കുന്നു? ഭാരതത്തിലെ എല്ലാ ഭാഷകളെയും കൂട്ടിയിണക്കാൻ സഹായിക്കുന്ന ഒരു പൊതുഭാഷയാണല്ലോ ഹിന്ദി. എന്നാൽ, ഹിന്ദി വേണ്ട എന്നു മുദ്രാവാക്യം ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്.
ഹിന്ദി അടിച്ചേല്പിക്കപ്പെടരുത്. അതു സ്വമേധയാ പഠിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നു മാത്രം. തെക്കൻ സംസ്ഥാനങ്ങളിലും മറ്റും ഹിന്ദി പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമായി രാഷ്ട്രപിതാവിന്റെ അനുഗ്രഹാശിസോടെ സ്ഥാപിതമായതാണ് ദക്ഷിണഭാരത ഹിന്ദിപ്രചാരസഭ.
ഭാരതത്തിൽ പല ഭാഗങ്ങളിലും വിഘടനവാദം വേരോടുന്നുണ്ട്. അതു മുതലെടുക്കാൻ വിദേശസഹായം ലഭിക്കുന്ന തീവ്രവാദഗ്രൂപ്പുകളും ഉണ്ട്. അവയെ നിലയ്ക്കുനിർത്തേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. തെക്കൻ സംസ്ഥാനങ്ങളെല്ലാംകൂടി ഒരു ദ്രാവിഡഭാരതമെന്നോ വടക്കൻ സംസ്ഥാനങ്ങളെല്ലാംകൂടി ഒരു ആര്യഭാരതമെന്നോ വേർതിരിയാൻ സാധ്യമല്ലല്ലോ. ഭാരതത്തിന്റെ ഐക്യത്തിന്റെ കണ്ണികളെ കൂട്ടിയോജിപ്പിക്കാൻ ഇംഗ്ലീഷ് കൂടാതെ ഒരു രാഷ്ട്രഭാഷ അനിവാര്യമാണ്.
ജയിംസ് സെബാസ്റ്റ്യൻ പുൽപ്പേൽ, എരുമേലി