കൃഷിനാശത്തിനു സഹായം തുച്ഛം
Sunday, November 3, 2019 11:32 PM IST
പ്രളയക്കെടുതി നേരിട്ട കർണാടകത്തിന് രണ്ടു മാസത്തിനു ശേഷം, മോദി സർക്കാർ ദുരിതാശ്വാസമായി അനുവദിച്ചത് 1200 കോടി രൂപ. ബിജെപി സർക്കാർ ഭരിക്കുന്ന കർണാടക ചോദിച്ച ധനസഹായമാകട്ടെ 35,000 കോടി രൂപ. ആവശ്യപ്പെട്ടതിന്റെ പത്തിലൊന്നു പോലും യദിയൂരപ്പ സർക്കാരിനു ലഭിച്ചില്ല. അപ്പോൾ കഴിഞ്ഞ വർഷവും ഈ വർഷവും കേരളത്തിന് കിട്ടിയ തുച്ഛമായ സഹായത്തിൽ പരാതിപ്പെടേണ്ടതില്ല.
കഴിഞ്ഞ വർഷം കേരളം 19,000 കോടി ചോദിച്ചപ്പോൾ 500 കോടി ലഭിച്ചു. ആ തുക ചിലവാക്കാത്തതുകൊണ്ടാണോ പേടിച്ചിട്ടാണോ എന്നറിയില്ല, കേരള സർക്കാർ ഈ വർഷം ഒൗദ്യോഗികമായി സഹായം തന്നെ ആവശ്യ പ്പെട്ടില്ല. കഴിഞ്ഞ വർഷം പല വിധത്തിൽ ലഭിച്ച 3500 കോടിയിൽ പാതി തുകയും ഇനിയും പ്രളയബാധിതരുടെയും കൃഷിനാശം സംഭവിച്ച കർഷകരുടെയും കയ്യിൽ എത്തിയിട്ടില്ല.
ഈ വർഷം കേന്ദ്രം കേരളത്തിന് കൊടുത്തതാകട്ടെ 111 കോടിയും. കർണാടകയിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് ആറോളം കർഷകർ ആത്മഹത്യ ചെയ്തു. ഈ സംഖ്യ ഇനിയും കൂടാനാണു സാധ്യത. ഭൂരിപക്ഷം കർഷകരും കൃഷിസ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. കൃഷി നാശം സംഭവിച്ചാൽ ഇങ്ങനെയുള്ള കർഷകർക്ക് ഒരു പൈസ പോലും ദുരിതാശ്വാസമായി ലഭിക്കില്ല.
കർണാടകയിലെ 30 ജില്ലകളിൽ 22 എണ്ണവും പ്രകൃതിദുരന്തം നേരിട്ടവയാണ്. കേരളത്തിൽ വെള്ളം കയറിയവർക്കും വീട് പൊളിഞ്ഞ വർക്കും ധനസഹായം ലഭിച്ചെങ്കിലും, കർഷകരിലേക്ക് യഥാവിധി സഹായം ഇനിയും എത്തിയിട്ടില്ല. ഫസൽ ബീമാ യോജന പ്രകാരം കർഷകന് വിള ഇൻഷുറൻസ് ലഭിക്കാനുള്ള സാധ്യതയും കുറവാണ്. എങ്ങനെ ക്ലെയിം തുക നൽകാതിരിക്കാം എന്ന രീതിയിലാണ് സ്വകാര്യ ഇൻഷുറൻസ് കന്പനികൾ അതു രൂപ കല്പന ചെയ്തിരിക്കുന്നത്.
ഒരു ശതമാനം മുതൽ അഞ്ചു ശതമാനം വരെ കർഷകർ പ്രീമിയം നൽകണം. ക്ലെയിം തുക നൽകാൻ ഇൻഷുറൻസ് കന്പനികൾ നിർബന്ധിതരായാൽ തന്നെ തുക നൽകുന്നതു തവണകളായി മാത്രം. മഹാരാഷ്ട്രയിൽ ഇഫ്കോ ഇൻഷുറൻസ് ഇപ്രകാരമാണ് ഇത്തവണ തുക നൽകിയത്. കോർപറേറ്റുകൾക്ക് 1.45 ലക്ഷം കോടി രൂപയുടെ നികുതി ഇളവാണ് ധനമന്ത്രി നിർമല സീതാരാമൻ അടുത്തയിടെ പ്രഖ്യാപിച്ചത്. ഇതിനു ബദലായി 2.06 ലക്ഷം കോടി രൂപ റിസർവ് ബാങ്കിൽനിന്നും പിടിച്ചുവാങ്ങിയാരിക്കുകയാണ് സർക്കാർ. ഈ തുക മതിയായിരുന്നു രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ.
അടുത്ത അഞ്ചു വർഷംകൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി രൂപ ചെലവഴിക്കുവാൻ മോദി സർക്കാർ തയാറെടുക്കുന്നു. ഈ തുക കർഷകർക്കായി വീതിച്ചാൽ രാജ്യത്തെ 60 കോടി കർഷകർക്ക് 17 ലക്ഷം രൂപയുടെ ആസ്തി കൈവരും.
കോടീശ്വരന്മാരുടെ എണ്ണം അടുത്തുതന്നെ ഒരു ലക്ഷം കവിയും. ഇന്ത്യയിലെ 100 അതിസന്പന്നരുടെ ആസ്തി ഇപ്പോൾ 42 ലക്ഷം കോടി രൂപയാണ്. എട്ടാം സ്ഥാനക്കാരനായിരുന്ന ഗൗതം അദാനി മോദിഭരണത്തിൽ ഇപ്പോൾ പട്ടികയിൽ സ്ഥാനക്കയറ്റം നേടിയിരിക്കുന്നു. ദരിദ്രന്റെ കുത്തിനു പിടിച്ച് സന്പന്നരെ വീണ്ടും സന്പന്നരാക്കുന്ന മായാജാലമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
വിൻസന്റ് നടവയൽ