സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം
Monday, November 11, 2019 12:01 AM IST
ഇസ്രയേൽ ആസ്ഥാനമായുള്ള എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഒരു നിരീക്ഷണ സാങ്കേതികവിദ്യ (പെഗാസസ്) ഉപയോഗിച്ച് ആഗോളതലത്തിൽ 1,400 ഓളം ആളുകളുടെ വിവരങ്ങൾ ചോർത്തി എന്നതു ഞെട്ടിപ്പിക്കുന്നതാണ്. ഇതിൽ ഇന്ത്യൻ പത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടുന്നുവെന്ന കാര്യം ഈ ഞെട്ടലിന്റെ വ്യാപ്തി കൂട്ടുന്നു. കലിഫോർണിയ ഫെഡറൽ കോടതിയിൽ ഇസ്രായേൽ കന്പനിക്കെതിരേ കേസ് ഫയൽ ചെയ്ത വാട്ട്സ്ആപ്പ് വെളിപ്പെടുത്തിയത് ഡിജിറ്റൽ ലോകത്ത് ഒന്നും സ്വകാര്യമല്ലെന്നാണ്.
ഇന്ത്യൻ പത്രപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വാട്സ്ആപ്പ് ആരുടെ ആരുടെ നിർദേശാനുസരണമാണ് ചോർത്തിയത്? ഈ ചോദ്യം പ്രധാനമായിരിക്കുന്നതിന് ചില കാരണങ്ങളുണ്ട്. ഒന്ന്, പണ സന്പാദനമായിരുന്നില്ല ഈ ചോർത്തലിന്റെ ലക്ഷ്യം. രണ്ട്, എൻഎസ്ഒ അതിന്റെ വെബ്സൈറ്റിൽ പറയുന്നതുപോലെ, എൻഎസ്ഒ ഉത്പന്നങ്ങൾ കുറ്റകൃത്യങ്ങൾക്കും ഭീകരതയ്ക്കും എതിരെ പോരാടുന്നതിന് സർക്കാർ രഹസ്യാന്വേഷണ വിഭാഗവും നിയമ നിർവഹണ ഏജൻസികളും മാത്രം കമ്പനിയുടെ വിവരങ്ങൾ ഉപയോഗിക്കുന്നു. മൂന്ന്, ലക്ഷ്യമിട്ടവരിൽ പൗരാവകാശ പ്രവർത്തകർ, അഭിഭാഷകർ, പത്രപ്രവർത്തകർ എന്നിവരും ഉൾപ്പെടുന്നു.
ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നത് ഡിജിറ്റൽ സമൂഹത്തിൽ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള വലിയ അപകടങ്ങളുടെ മുന്നറിയിപ്പാണ്. 2017 ൽ സ്വകാര്യത ഒരു മൗലിക അവകാശമായിത്തന്നെ സുപ്രീംകോടതി ഉയർത്തിക്കാട്ടിയതാണ്. അതിനാൽത്തന്നെ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുവാൻ വേണ്ട ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും സർക്കാർ ഏജൻസികൾ എൻഎസ്ഒയുടെ സേവനങ്ങൾ വ്യക്തികളെ നിരീക്ഷിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതേപ്പറ്റി കൃത്യമായി ഉത്തരം നൽകുക എന്നതാണ് സർക്കാരിന് ആദ്യം ചെയ്യാൻ കഴിയുന്നത്. എന്നിരുന്നാലും, 40 കോടിയോളം വരുന്ന വാട്സാപ്പിന്റെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് തീർച്ചയായും ഒരു തലവേദന തന്നെയാണിത്.
ബിമൽ തോമസ്, തുന്പമറ്റത്തിൽ, ചീനിക്കുഴി