വ്യാപാരികളോട് എന്തിനീ അവഗണന!
Wednesday, November 20, 2019 11:42 PM IST
സ്വയം തൊഴിൽ കണ്ടെത്തി ഉപജീവനം നടത്തുന്ന വ്യാപാരികൾ ബാങ്കുകളിൽനിന്നും സർക്കാരിൽനിന്നും കടുത്ത അവഗണനയാണ് നേരിടുന്നത്. എന്നാൽ, സ്വന്തം കഴിവിന്റെ പരിധിയും കടന്നു ചെലവാക്കി ഭവനങ്ങൾ നിർമിക്കുന്നവർക്കും ആഡംബര കാർ വാങ്ങുന്നവർക്കും ബാങ്കുകൾ മത്സരിച്ച് ഒന്പതു ശതമാനത്തിലും താഴെ ദീർഘകാലത്തേക്കു പണം നൽകുന്നു.
സർക്കാർ വിൽപന നികുതി, കെട്ടിട നികുതി, തൊഴിൽകരം, ലൈസൻസ് ഫീസുകൾ അടക്കം വ്യാപാരികളിൽനിന്ന് എത്ര വലിയ തുകയാണ് സംഭരിച്ചെടുക്കുന്നത്. ബാങ്കാണെങ്കിൽ ലോൺ പലിശ, അക്കൗണ്ട് കീപ്പിംഗ് ചാർജ്, ലെഡ്ജർ ചാർജ്, ഇൻസ്പെക്ഷൻ ചാർജ് എന്നിങ്ങനെ വ്യാപാരികളിൽനിന്ന് വലിയ തുകയാണ് പിരിച്ചെടുക്കുന്നത്. വ്യാപാര മേഖല കടുത്ത വ്യാപാര മാന്ദ്യത്തിലൂടെ കടന്നുപോകുന്പോൾ ഇന്ത്യയിലെ വൻതോക്കുകൾ കോടികൾ തട്ടിയതിന്റെ പേരിൽ ചെറിയ ഒരു വ്യാപാര വായ്പയ്ക്കുപോലും വർഷം തോറും പതിനഞ്ചിലധികം രേഖകൾ ആവശ്യപ്പെടുന്നു. ഈ രേഖകൾ തയാറാക്കാൻ തന്നെ വലിയ ചെലവുകൾ വരുന്നുണ്ട്.
മുൻകാലത്ത് അപേക്ഷയോടൊപ്പം ബാലൻസ് ഷീറ്റ് കൂടി നൽകിയാൽ വർഷം തോറും ലോണുകൾ പുതുക്കാമായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതി മാറി. പല ബാങ്കുകൾ ലയിപ്പിച്ച് വലിയ ബാങ്കുകളായി മാറിയപ്പോൾ ഇടപാടുകാരോട് കാണിക്കുന്ന സമീപനം വരെ മാറി. സാധാരണ ഒരു വ്യാപാരി ഒരു ചെറിയ ലോൺ എടുക്കണമെങ്കിൽ പതിന്മടങ്ങ് വിലയുള്ള ആസ്തി ഈടായി നൽകണം. ഭവന വായ്പയ്ക്കും ആഡംബരകാറുകൾക്കും എട്ടര ശതമാനത്തിൽ താഴെ ലക്ഷങ്ങൾ ലോണായി കൊടുക്കുന്പോൾ വ്യാപാരികളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല. ഒരു ചെറുകിട വ്യാപാരിയുടെ ലോണിന് പലപ്പോഴും 15.6 ശതമാനം പലിശയാണ് ഈടാക്കുന്നത്. ഇക്കാലത്ത് ഈ പലിശ താങ്ങാൻ പറ്റുന്ന ലാഭം ഏതു വ്യാപാരത്തിലാണ് ലഭിക്കുക?
കടകളിൽനിന്ന് എല്ലാ മാസവും നൽകേണ്ട സ്റ്റോക്ക് സ്റ്റേറ്റ്മെന്റ് മൂന്നു ദിവസം താമസിച്ചാൽ അക്കൗണ്ടിൽ എത്ര അധികം പണം ഉണ്ടെങ്കിലും കളക്ഷൻ ചെക്കുകൾ മടക്കി അയയ്ക്കുകയാണ് ചെയ്യുന്നത്. ആയതിന് 600 രൂപയെങ്കിലും പിഴയായി ഈടാക്കുകയും ചെയ്യും. ബാങ്കിന്റെ ഈ നടപടികൾ മൂലം ധാരാളം ഇടപാടുകാർ ബിസിനസ് ലോണുകൾ എടുക്കുന്ന പതിവ് കുറച്ചുകൊണ്ടുവരികയാണ്. ഇക്കാരണത്താൽ കോടിക്കണക്കിന് രൂപയാണ് ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്. പണം മുഴുവൻ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നതിനാൽ സാധാരണക്കാരന്റെ കൈയിൽ പണം എത്തിച്ചേരാത്ത ഒരു അവസ്ഥയിലാണ് ചെന്നെത്തിയിരിക്കുന്നത്.
ഭാരതീയനായ നൊബേൽ സമ്മാനജേതാവ് അഭിജിത് ബാനർജി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതും ഇതേ കാര്യം തന്നെയാണ്. വലിയ വാടകയും മറ്റ് ചെലവുകളും കൊടുത്ത് ഓൺലൈൻ വ്യാപാരികളോടും മറ്റും മത്സരിച്ച് ബുദ്ധിമുട്ടിലായ ചെറുകിട വ്യാപാരികളോട് ബാങ്കുകൾ കാണിക്കുന്ന ചിറ്റമ്മനയം മാറ്റുന്നില്ലെങ്കിൽ മറ്റു ധന സ്രോതസുകൾ സ്വീകരിക്കാൻ വ്യാപാരികൾ നിർബന്ധിതരാകും.
ടോമി ഇളംതോട്ടം മണിമല.