കർഷക സംരക്ഷണ ബിൽ പരിഗണിക്കണം
Sunday, December 15, 2019 1:01 AM IST
സംസ്ഥാനത്തെ കർഷകരുടെ സംരക്ഷണം എല്ലാത്തരത്തിലും ഉറപ്പാക്കുമെന്ന് എവിടെയും ഉദ്ഘോഷിക്കപ്പെടുന്നുണ്ടെങ്കിലും എല്ലാത്തട്ടിലുമുള്ള കർഷകരും ദുരിതത്തിലാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾക്കൊന്നും മതിയായ വിലയോ വിള നഷ്ടമുണ്ടായാൽ വേണ്ടത്ര സഹായധനമോ ലഭിക്കുന്നില്ല. ഇടത്തട്ടുകാർ അസംഘടിതരായ കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾ സംഘടിതമായി കുറഞ്ഞവിലമാത്രം നൽകി വാങ്ങുകയും വളരെ ഉയർന്ന വിലയിട്ട് വിപണിയിൽ വിറ്റഴിക്കുകയുമാണ് ചെയ്തുവരുന്നത്. ഭക്ഷ്യവിളകൾക്കും പച്ചക്കറി ഉത്പന്നങ്ങളുടെയും മേഖലയിലാണ് ഇത്തരത്തിലുള്ള കടുത്ത ചൂഷണം നടക്കുന്നത്. കർഷകരിൽനിന്നു നേരിട്ടു സംഭരിക്കുന്ന ഭക്ഷ്യവിളകൾക്കു നാല്പത്, അന്പത് ശതമാനത്തിലപ്പുറം വില ഉയർത്തിയാണ് ഇടനിലക്കാർ വില്പന നടത്തുന്നതെന്നത് തികച്ചും യാഥാർഥ്യം മാത്രം. കർഷകത്തൊഴിലാളികൾക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ ദിവസ വേതനവും നൽകേണ്ടതു നമ്മുടെ നാട്ടിലാണ്. വളത്തിന്റെ വിലയും വളരെ ഉയർന്നുതന്നെ. കൃഷിയോടുള്ള ഉത്തമതാത്പര്യംകൊണ്ടു മാത്രം കാർഷിക മേഖലയിൽ നിൽക്കുന്ന കർഷകർ കൊടിയ നഷ്ടവും കടബാധ്യതയുംകൊണ്ട് ദാരിദ്ര്യത്തിലും ആത്മഹത്യയിലും പെട്ടുപോകുന്നു.
ജനതയെ തീറ്റിപ്പോറ്റാൻ വേണ്ടിയും രാജ്യത്തിന്റെ വ്യാപാരമേഖലയുടെ ഉയർച്ചയ്ക്കുമായി കഷ്ടത അനുഭവിക്കുന്ന കർഷകരെ സംരക്ഷിക്കുന്നതിനും അവർക്ക് ഒരടിസ്ഥാന വരുമാനവും ഉത്പാദിപ്പിക്കുന്ന വിളകൾക്കു മതിയായ വിലയും ഇടനിലക്കാരില്ലാത്ത വില്പനസംവിധാനവും വിളനഷ്ടമുണ്ടായാൽ ശരിയായ നഷ്ടപരിഹാരവും ലഭ്യമാക്കുന്ന, കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസവും തൊഴിലവസരവും ഉണ്ടാക്കുന്ന കർഷക രക്ഷാബിൽ നടപ്പിലാക്കാൻ ഭരണാധികാരികൾ തയാറാകണം.
രാജേന്ദ്രൻ വയല, അടൂർ