ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കരുത്
Sunday, February 9, 2020 12:09 AM IST
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു കേരളത്തിന്റെ ഭരണം കൈകാര്യം ചെയ്തു തുടങ്ങിയിട്ട് മൂന്നു വർഷം കഴിഞ്ഞിരിക്കെ അതിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പാർട്ടി നോക്കാതെ രാജ്യപുരോഗതിയും ജനങ്ങളുടെ പൊതുനന്മയും ലക്ഷ്യമാക്കി പ്രവർത്തിച്ചാൽ അതൊരു വലിയ നേട്ടം ആയിരിക്കും. ഇന്നു കേരളവും കേരളജനതയും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ ചിലതു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
കേരളത്തിലെ റബർ കൃഷിക്കാരുടെ സങ്കടങ്ങൾ കേന്ദ്ര സർക്കാർ ശ്രദ്ധിക്കുന്നില്ല. അപ്പോൾ അതിനെ നേരിടേണ്ടതു സംസ്ഥാന സർക്കാരാണ്. നല്ലനിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റബർ കർഷകരും റബർ വ്യാപാരികളും ഇത്തരത്തിൽ അധഃപതിക്കാൻ കാരണം പി. ചിദംബരം കേന്ദ്രത്തിൽ ധനമന്ത്രിയായിരുന്നപ്പോൾ ടയർ കന്പനികളെ സഹായിക്കാനായി ഇറക്കുമതി നയം വ്യത്യാസപ്പെടുത്തിയതാണ്. റബർ വിലയിലുണ്ടായ ഇടിവ് കേരളത്തിന്റെ സാന്പത്തിക സ്ഥിതിയിൽ വിടവുണ്ടാക്കിയിട്ടുണ്ട്. അതേപ്പറ്റി പഠിച്ച് കേരളത്തിലെ റബർ കർഷകരെയും റബർ കച്ചവടക്കാരെയും സംരക്ഷിച്ച് ജനത്തിന്റെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. റബറിന് കിലോയ്ക്ക് 200 രൂപയെങ്കിലും കിട്ടിയാലെ കൃഷിക്കാർ രക്ഷപ്പെടൂ.
അതുപോലെ മറ്റു ഇനങ്ങളിൽപ്പെട്ട കാർഷിക വിളകളുടെ വിലയിടിവുമൂലം അതിൽനിന്നു കിട്ടിക്കൊണ്ടിരുന്ന വരുമാനവും ഗണ്യമായി കുറഞ്ഞിരിക്കുന്നതിനാൽ കർഷക ജനത ഇന്ന് നട്ടം തിരിയുകയാണ്. കേരളത്തിലെ നെൽവയലുകളിൽ പലതും തരിശായി കിടക്കുകയോ ചിലത് നികത്തി കരഭൂമി ആക്കി മാറ്റുകയോ ചെയ്തതിനാൽ നെല്ലിന്റെ ഉത്പാദനവും കുറഞ്ഞു. അതിനാൽ അരിക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണ ജനങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. കോളജ് വിദ്യാഭ്യാസം താറുമാറായിക്കൊണ്ടിരിക്കുന്നു. കോളജ് കാന്പസുകളിൽ അടുത്ത നാളുകളായി വിദ്യാഭ്യാസത്തിനു പകരം അതിക്രമങ്ങളും കത്തിക്കുത്തുകളും കൊണ്ട് കേരളം പേരു കേട്ടിരിക്കുന്നു.
മദ്യവില്പനയും ഉപയോഗവും കേരളത്തിൽ നിയമം കൊണ്ടുവന്ന് ഇല്ലാതാക്കണം. സർക്കാരിന്റെ വരുമാനം ഇല്ലാതാകും എന്നു പറയുന്നു. ഇല്ലാതാകുന്ന വരുമാനം വേറെ മാർഗത്തിൽ ഉണ്ടാക്കാം. ഇന്നു പണക്കാരും കൂലിപ്പണിക്കാരും മദ്യത്തിനുവേണ്ടി പണം ചെലവാക്കി ആരോഗ്യം നശിപ്പിക്കുന്നു. അവരെ മദ്യാസക്തിയിൽനിന്നു മോചിപ്പിച്ചു ജീവിത വ്യതിയാനം ഉണ്ടാകാൻ നിർബന്ധിതരായാൽ അവരുടെ ആരോഗ്യവും കുടുംബഭദ്രതയും മെച്ചപ്പെടും. ആ വഴിക്കു സർക്കാർ അവർക്കുവേണ്ടി ചെലവാക്കുന്ന ബാധ്യത ഇല്ലാതാകുകയും അതു സർക്കാരിനു വേറെ മാർഗത്തിൽ വരുമാനമാകുകയും ചെയ്യും.
മുന്പ് സൂചിപ്പിച്ചതു പോലെ മുഖ്യമന്ത്രി പദം ഏറ്റെടുത്തിട്ട് മൂന്നു വർഷം ആയെങ്കിലും മേൽ പറഞ്ഞ ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന മട്ടിലാണ് നീങ്ങുന്നതെന്ന് പറയാതിരിക്കാൻ പറ്റുന്നില്ല.
കുര്യാക്കോസ് മുണ്ടയ്ക്കൽ , മുതലക്കോടം