സ്കൂളുകളിലെ വാർഷിക - യാത്രയയപ്പ് സമ്മേളനങ്ങൾ പുനഃക്രമീകരിക്കണം
Monday, February 17, 2020 11:22 PM IST
സംസ്ഥാനത്തെ സ്കൂളുകളിൽ ഇപ്പോൾ വാർഷിക സമ്മേളനങ്ങളും സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനങ്ങളും നടന്നുവരികയാണല്ലോ? സ്കൂളുകളിലെ വാർഷിക സമ്മേളന നോട്ടീസിൽ ആശംസാ പ്രസംഗകരുടെ ഒരു നീണ്ട ലിസ്റ്റ് കാണാം! ഈ പ്രസംഗങ്ങൾ മുഴുവൻ കേട്ടാൽ കുട്ടികൾ എത്രമാത്രം ബോറടിക്കുമെന്നു ചിന്തിച്ചുനോക്കൂ.
അതുപോലെ, വിരമിക്കുന്ന അധ്യാപകർക്ക് രണ്ടു വാക്ക് പറയാൻ അവസരം കിട്ടുന്നത് എല്ലാവരുടെയും ആശംസ എന്ന അധികപ്രസംഗം കഴിഞ്ഞിട്ടാണ്. അപ്പോഴേക്കും വേദിയിലെയും സദസിലെയും കസേരകൾ മിക്കതും ശൂന്യമായിരിക്കും.
വിരമിക്കുന്ന അധ്യാപകരുടെ മറുപടിപ്രസംഗം കേൾക്കാൻ അവരുടെ സഹപ്രവർത്തകരായ അധ്യാപകരോ കുട്ടികളോ ഏറെയൊന്നും അവിടെ ഉണ്ടാവില്ല എന്നതാണു യാഥാർഥ്യം.
അതുകൊണ്ട് ഇനിയെങ്കിലും സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വാർഷിക യാത്രയയപ്പ് സമ്മേളനങ്ങൾക്ക് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. ഇതാ ചില നിർദേശങ്ങൾ:
1. സ്കൂൾ വാർഷിക സമ്മേളനങ്ങൾ കുട്ടികളുടേതാക്കി മാറ്റുക.
2. വാർഷിക യോഗത്തിലെ നീണ്ട റിപ്പോർട്ട് അവതരണം ഒഴിവാക്കി, അതിന്റെ കോപ്പി അതിഥികൾക്കു നൽകുക.
3. കുട്ടികളുടെ പ്രസംഗങ്ങൾക്കും കലാപരിപാടികൾക്കും പ്രാധാന്യം നൽകുക.
4. ജനപ്രതിനിധികളടക്കം മുതിർന്നവരുടെ സാന്നിധ്യം മാത്രം മതിയാക്കുക, അവരുടെ ആശംസകൾ ഒഴിവാക്കുക.
5. ഒരു വിശിഷ്ടാതിഥിയെ മാത്രം ക്ഷണിക്കുക.
6. വിശിഷ്ടാതിഥിയും കുട്ടികളുടെ പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം നടത്തുക.
7. വിരമിക്കുന്ന അധ്യാപകരുടെ പ്രസംഗം കാര്യപരിപാടിയിൽ ആദ്യം ഉൾക്കൊള്ളിക്കുക.
8. വിരമിക്കുന്ന അധ്യാപകരുടെ മറുപടിപ്രസംഗം എന്ന പദം ഒഴിവാക്കി നന്ദിപൂർവം എന്ന വാക്ക് ഉപയോഗിക്കുക.
9. വിരമിക്കുന്ന അധ്യാപകർക്ക് വേദിയുടെ മുൻവശത്തുതന്നെ ഇരിപ്പിടം ക്രമീകരിക്കുക.
10. വാർഷിക യാത്രയയപ്പ് സമ്മേളനങ്ങൾ ഒരു മണിക്കൂറാക്കി നിജപ്പെടുത്തുക.
എ.വി. ജോർജ്, റിട്ട. ഹെഡ്മാസ്റ്റർ, തിരുവല്ല.