കുടുംബത്തിന്മേലുള്ള കടന്നുകയറ്റം, സ്വകാര്യബില്ലെങ്കിലും ദുരൂഹത
Monday, February 17, 2020 11:23 PM IST
രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്കു നിയമപരമായി ലഭിക്കുന്ന അനുകൂല്യങ്ങൾ നിഷേധിക്കണമെന്നാവശ്യപ്പെട്ടു രാജ്യസഭയിൽ അവതരിപ്പിച്ച സ്വകാര്യബിൽ ദുരൂഹത ഉണർത്തുന്നു. സ്വകാര്യ ബില്ലാണെങ്കിലും കേന്ദ്രം ഭരിക്കുന്ന സർക്കാരിനെ പിന്തുണയ്ക്കുന്ന എംപിയാണ് ഇത് അവതരിപ്പിച്ചതെന്ന് അറിയുന്പോഴാണു ഭീതി ജനിക്കുന്നത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ നടപടികൾ ആരംഭിച്ചിരുന്നു. ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്നു പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾകൂടി കൂട്ടിവായിക്കുന്പോഴാണു സ്വകാര്യ ബിൽ ഗൗരവമുള്ളതായി മാറുന്നത്. സ്വകാര്യബില്ലാണ്, നിയമമായില്ല എന്നെല്ലാം പറഞ്ഞ് ആശ്വാസം കൊള്ളുന്പോഴും ഇവരുടെ ലക്ഷ്യം ജനസംഖ്യാനിയന്ത്രണമാണെന്ന സത്യം മറന്നുകൂടാ.
തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ ആനുകൂല്യങ്ങൾ രണ്ടു കുട്ടികളിൽ കൂടാത്ത കുടുംബങ്ങൾക്കായി പരിമിതിപ്പെടുത്തണമെന്നാണു സ്വകാര്യബില്ലിൽ ആവശ്യം. സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽനിന്ന് ആവേശം ഉൾക്കൊണ്ടാണോ രാജ്യസഭയിലെ ഈ ബിൽ അവതരണമെന്നു സംശയിക്കണം. കൊച്ചുകൊച്ചു ചർച്ചകളിലൂടെ സമൂഹത്തിൽ തെറ്റായ സന്ദേശങ്ങൾ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.
രാജ്യത്തിന്റെ അടിത്തറയും അടിസ്ഥാന ഘടകവുമായ കുടുംബവും കുഞ്ഞുങ്ങളും നിലനിൽക്കണം. തങ്ങളുടെ ആഗ്രഹത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ചു കുഞ്ഞുങ്ങളെ സ്വീകരിക്കാൻ മാതാപിതക്കൾക്കു സാധിക്കണം. ഏറെ വിഷമങ്ങളും ത്യാഗങ്ങളും സഹിച്ചാണ് ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വളർത്തുന്നത്. ദന്പതികൾക്കു കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താൻ നിർദേശിക്കുന്പോൾ, നിയമവിരുദ്ധമായി ഒന്നിലധികം വിവാഹം നടത്താനും വിവാഹേതര ബന്ധങ്ങൾ വർധിക്കാനും സാഹചര്യം ഉണ്ടാകും. ജനസംഖ്യ നിയന്ത്രിക്കാൻ എന്ന പേരിലുള്ള ഇത്തരം നിർദേശങ്ങൾ കുടുംബങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്.
മൂന്നാമത്തേതോ അതിൽ കൂടുതലോ ആയി കുഞ്ഞുങ്ങളെ ഗർഭത്തിൽ വഹിക്കുന്ന അമ്മമാർക്ക് ഉത്കണ്ഠയും ഭയവും ആശങ്കയും ഉണ്ടാക്കുന്ന രാജ്യസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബിൽ നിയമാകുന്നത് ഉചിതമല്ല.
ജനങ്ങളാണ് സന്പത്ത് എന്ന കാഴ്ചപ്പാടിൽ അയൽരാജ്യങ്ങൾ എത്തുകയും കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്പോൾ ഭാരതം അതിന്റെ സനാതന മൂല്യങ്ങളിൽനിന്നു വ്യതിചലിക്കരുത്.
സാബു ജോസ്, സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ്, സീറോ മലബാർ സഭ