പി എം കിസാൻ സമ്മാൻ നിധി
Tuesday, February 25, 2020 11:25 PM IST
പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 201920 ൽ കേരളത്തിൽ 30 ലക്ഷം കർഷകരാണ് ആനുകൂല്യം പറ്റിയത്. എന്നാൽ, കൃഷി വകുപ്പിന്റെ കണക്കു പ്രകാരം കേരളത്തിലെ കർഷകരുടെ എണ്ണം 18 ലക്ഷം മാത്രം. ദിവസങ്ങൾകൊണ്ട് കേരളത്തിൽ മുളച്ചു പൊന്തിയത് 12 ലക്ഷം കർഷകർ ! സംസ്ഥാനത്തെ കർഷകരുടെ എണ്ണം ഇപ്പോൾ പൊരുത്തക്കേടുകളുടെ പട്ടികയായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ആയതിനാൽ പ്രത്യേക മാനദണ്ഡങ്ങളില്ലാതെയാണ് 6,000 രൂപയുടെ കിസാൻ സമ്മാൻ നിധി നടപ്പാക്കിയത്. അതിനാൽ വാളെടുത്തവരെല്ലാം കൃഷിക്കാർ. മൂന്നു സെന്റ് മുതൽ 15 വരെ ഏക്കറുള്ള കൃഷിക്കാർ സമ്മാനം വാങ്ങി.
സുതാര്യവും കാര്യക്ഷമവുമായി നടപ്പാക്കാൻ പറ്റാത്ത മറ്റൊരു പദ്ധതി കൂടി ആയി മാറി പിഎം കിസാൻ സമ്മാൻ നിധി. യു പി എ സർക്കാരിന്റെ നാലു ശതമാനം വിള വായ്പാ പദ്ധതിയിലും പഴുതുകൾ ഏറെയുണ്ട്. ഈ സർക്കാരിന്റെ രണ്ടു പ്രമുഖ പദ്ധതികളായ പി എം കിസാൻ സമ്മാന നിധി, പി എം എ വൈ, മുൻ സർക്കാരിന്റെ നാലു ശതമാനം വിള വായ്പാ പദ്ധതിയിലും ഒട്ടേറെ അനർഹർ കയറിപ്പറ്റി. ഫസൽ ബീമാ യോജന പദ്ധതിയും വേണ്ട പുരോഗതി കൈവരിച്ചില്ല. പ്രീമിയം തുകയിലൂടെ ഇൻഷ്വറൻസ് കന്പനികൾ നേട്ടമുണ്ടാക്കി. രണ്ടു പ്രളയ വർഷങ്ങളിലൂടെ കേരളം കടന്നു പോയിട്ടും തുക കുറവാണെങ്കിലും കർഷകരുടെ രക്ഷയ്ക്ക് എത്തിയത് സംസ്ഥാന വിള ഇൻഷ്വറൻസും കേരവൃക്ഷ ഇൻഷ്വറൻസുമാണ്. ഈ മൂന്നു പദ്ധതികളും സുതാര്യമായി നടപ്പാക്കാൻ കഴിയും.
നാലു ശതമാനം നിരക്കിൽ വിള വായ്പയോ സ്വർണപ്പണയമോ നൽകാൻ 30 സെന്റ് ഭൂമിയുടെ എങ്കിലും നികുതി ശീട്ട് ഹാജരാക്കി ബാങ്കിന്റ് ബാദ്ധ്യത രേഖപ്പെടുത്തുക. സത്യവാങ്മൂലം നൽകി കാർഷിക സ്വർണ പണയം എടുക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്. പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതി ബാങ്കുകൾ നടപ്പാക്കിയപ്പോൾ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയില്ല. 12 ലക്ഷം വാർഷിക വരുമാനമുള്ളവരും 50 ലക്ഷം ഭവന വായ്പ ഉള്ളവരും ഇപ്പോൾ പിഎം എവൈ പദ്ധതിയിൽ സബ്സിഡി വാങ്ങുന്നു. പിഎം എവൈ പഞ്ചായത്തുകളിൽ നടപ്പാക്കുന്നതോടൊപ്പം, എൽഐജി, ഇഡബ്ലുഎസ് എന്നിവർക്കായി പരിമിതിപ്പെടുത്തുക. ചുരുങ്ങിയത് 30 സെന്റ് കൃഷി സ്ഥലവും കൂടിയത് അഞ്ച് ഏക്കർ സ്ഥലവുമുള്ളവർക്കായി കിസാൻ സമ്മാൻ നിധി പരിമിതപ്പെടുത്തുക.
രാജ്യത്ത് 8.36 കോടി കർഷക കുടുംബങ്ങൾക്കായി ഇതുവരെ 50,030 കോടി രൂപ കിസാൻ സമ്മാന നിധിയിൽ വിതരണം ചെയ്തു കഴിഞ്ഞു. ബജറ്റിൽ ഇത്തവണ വക കൊള്ളിച്ചത് 75, 000 കോടി രൂപയാണ്. കേരളത്തിൽ സമ്മാൻ നിധിയിലൂടെ ആനുകൂല്യം നേടിയവരൊക്കെ കിസാൻ കാർഡ് എടുക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരിക്കുന്നു. സ്ഥലത്തിന്റ സ്വഭാവം നിലം, നഞ്ച, പുഞ്ച എന്നിങ്ങനെ ആധാരത്തിൽ രേഖപ്പെടുത്തിയാൽ അതു കൃഷിഭൂമിയാണ്. തോട്ടം, പുരയിടം എന്ന് രേഖപ്പെടുത്തപ്പെട്ട സ്ഥലങ്ങൾക്ക് കെട്ടിട നിർമാണത്തിനായി ബാങ്കുകൾ ഇപ്പോൾ ധനസഹായം നൽകുന്നുണ്ട്.
ഈ സ്ഥലങ്ങൾ വച്ചുകൊണ്ട് കിസാൻ കാർഡ് എടുക്കുന്ന കർഷകൻ ഭൂമിയുടെ തരം കൃഷിഭൂമി ആക്കി മാറ്റുന്നതോടെ മക്കൾക്കായി വീടു പണിയുന്നതിന് ഭാവിയിൽ ബാങ്ക് വായ്പ ലഭിക്കാതെ വരുന്ന അവസ്ഥ ഉണ്ടായേക്കാം. സർഫാസി നിയമം ഭാവിയിൽ ബാങ്കുകൾക്ക് നടപ്പാക്കാൻ കഴിയാതെ വരും. കർഷകനും വാണിജ്യാവശ്യത്തിനായി ഭൂമി ഉപയോഗിക്കാൻ കഴിഞ്ഞെന്നു വരില്ല.
വിൻസന്റ് നടവയൽ