മദ്യവ്യാപാരം പുനരാരംഭിക്കുമോ?
Monday, May 11, 2020 12:02 AM IST
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂലം കഴിഞ്ഞ 50 ദിവസമായി കേരളത്തിലെ മദ്യവ്യാപാര കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുകയാണല്ലോ. തീർച്ചയായും മറ്റെല്ലാ രംഗത്തുമുണ്ടായ തൊഴിലില്ലായ്മ മദ്യ വ്യാപാര രംഗത്തെ തൊഴിലാളികളിലും നടത്തിപ്പുകാരിലും ഉണ്ടായിട്ടുണ്ട് . അതേസമയം തന്നെ അമിത മദ്യപാനം മൂലം തകർന്ന കുടുംബങ്ങൾക്കു ചെറിയ രീതിയിൽ സമാധാനവും ഉണ്ടായിട്ടുണ്ട്. മദ്യശാലകൾ തുറന്നില്ലെങ്കിൽ വലിയ തോതിൽ മദ്യപരുടെ ആത്മഹത്യയും വ്യാജവാറ്റും ഉണ്ടാകുമെന്നു പറഞ്ഞതിലും സത്യമില്ലാതായി. സർക്കാരിന് വലിയ തോതിൽ വരുമാന ന ഷ്ടം ഉണ്ടായി എന്നത് വാസ്തവമാണ്. എന്തായാലും കേരളത്തിൽ മദ്യ നിരോധനം ഇല്ലാത്തതിനാൽ വൈകാതെ വിദേശ മദ്യ വ്യാപാരസ്ഥാപനങ്ങളും ബാറുകളും തുറന്നു പ്രവർത്തിച്ചേക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ മദ്യവ്യാപാരം പുനരാരംഭിച്ച സംസ്ഥാനങ്ങളിൽ കണ്ട കാഴ്ച എല്ലാവരിലും വലിയ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചില സ്ഥലങ്ങളിൽ അത് വലിയ ആഘോഷമായിരുന്നു. അത്തരത്തിലുള്ള നാണക്കേടുകൾ കേരളത്തിൽ ഉണ്ടാകുന്നത് നാം ഇതുവരെ നേടിയ പ്രവർത്തന വിജയങ്ങൾക്കു മങ്ങൽ ഏൽപ്പിക്കും. സർക്കാരിൽ നിന്നും മറ്റു സംഘടനകളിൽനിന്നും സൗജന്യ റേഷനും മറ്റു സൗകര്യങ്ങളും മരുന്നും സൗജന്യമായി അനുഭവിക്കുന്ന പലരും അതിലേറെ പണം മുടക്കിയാണ് മദ്യം വാങ്ങുന്നതെന്ന വസ്തുത തിരിച്ചറിയണം. അങ്ങനെയുള്ള ആളുകളുടെ സൗജന്യതക്കുള്ള അവകാശവും ചോദ്യം ചെയ്യപ്പെടണം. മദ്യപിച്ചു വണ്ടി ഓടിക്കുന്ന തു മാത്രമല്ല, മദ്യപിച്ച് സൈക്കിൾ ചവിട്ടി റോഡിൽ കൂടി പോകുന്നതും, മദ്യപിച്ച് വഴിയി ൽ ശല്യമുണ്ടാക്കുന്നതും ശിക്ഷാർഹം തന്നെയാണ്. മദ്യപിക്കുന്നവർക്കു സ്വാതന്ത്ര്യം ഉള്ളതുപോലെ അല്ലാത്തവർക്ക് അതുമൂലം ഉപദ്രവവും ഉണ്ടാകരുത്.
ഇപ്പോൾ മദ്യപിച്ച് മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യാൻ കഴിയില്ല. ആർക്കും പരാതിയി ല്ല. അതുപോലെ പൊതു വാഹനങ്ങളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നതിനും നി യന്ത്രണങ്ങൾ ഉണ്ടാകണം. ഇപ്പോഴത്തെ രീതിയിലുള്ള വഴിയരികിൽ നിന്ന് എല്ലാവരെയും ഊതിപ്പിക്കുന്ന സമ്പ്രദായവും ഇല്ലാതാകണം. അതൊരു പ്രാകൃത രീതിയാണ്. മദ്യപിക്കാത്തവരും അതുവഴി അപമാനിക്കപ്പെടുന്നു. സംശയവുള്ളവരെ മാത്രം പരിശോധിക്കുന്ന രീതി നടപ്പിൽ വരണം. കുറ്റക്കാരെ കർക്കശമായി ശിക്ഷിക്കുന്ന രീതിയും നടപ്പാക്കണം.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ