മണ്ണു സംരക്ഷണം: സർക്കാർ നിലപാട് ശ്ലാഘനീയം
Sunday, May 17, 2020 11:28 PM IST
കാർഷിക മേഖലയുടെ വളർച്ചയ്ക്കായി അടിയന്തര കർമപദ്ധതിക്കു രൂപം നല്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സ്വാഗതാർഹമാണ്. മണ്ണുസംരക്ഷണ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ഭക്ഷണത്തിന് ആവശ്യമായ ധാന്യം ഉണ്ടാകണമെങ്കിൽ മണ്ണു വേണം. ഒരു പാളി മണ്ണു രൂപപ്പെടണമെങ്കിൽ നൂറ്റാണ്ടുകൾ വേണ്ടിവരും. മേൽമണ്ണു സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ നിലനില്പിനുതന്നെ അനിവാര്യമാണ്.
കേരളത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ചെരിവു പ്രദേശമാണ്. തന്മൂലം കാലവർഷത്തിൽ മേൽമണ്ണു കുത്തിയൊലിച്ചുപോകുന്നതു പതിവാണ്. മേൽമണ്ണിന്റെ നാശം കൃഷിയിൽനിന്നു പിന്മാറാൻപോലും കർഷകരെ നിർബന്ധിതരാക്കുന്നു. മലനാടിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് മണ്ണൊലിപ്പ് നിവാരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി വേണ്ടതു ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.
വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ