സ്വയം പഠിച്ച ജനങ്ങൾ
Thursday, May 21, 2020 11:19 PM IST
മനുഷ്യർ അച്ചടക്കം പഠിച്ചു. ഉള്ളതുകൊണ്ടു ജീവിക്കാൻ പഠിച്ചു. പച്ചക്കറി സോപ്പിടാൻ പഠിച്ചു. മദ്യം ഒരു അവശ്യ പാനം അല്ലയെന്നു പഠിച്ചു. ശരിയെ ഉൾക്കൊള്ളാൻ പഠിച്ചു. രാഷ്ട്രീയം മറന്ന് ജീവിക്കാൻ പഠിച്ചു. വിവേകത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും പഠിച്ചു.
അനാവശ്യ കറക്കങ്ങൾ ഒഴിവാക്കി കുടുംബവുമായി വീട്ടിൽ കഴിയാൻ പഠിച്ചു. വീട്ടുകാര്യങ്ങളിൽ കുടുംബിനികളെ സഹായിക്കാൻ പഠിച്ചു. കുടുംബം എന്നാൽ ഭാര്യയും കുട്ടികളും കൂടപ്പിറപ്പുകളും അടങ്ങുന്നതാണെന്നും പഠിച്ചു. ശുചിത്വവും പരിസര ശുചീകരണവും പഠിച്ചു. കൈ കഴുകാൻ പഠിച്ചു. ധൂർത്താകുന്ന ഒത്തുചേരലുകളും ആഘോഷങ്ങളും ഉപേക്ഷിച്ച് പാവങ്ങളെ സഹായിക്കാൻ പഠിച്ചു.
രോഗത്തിനു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ പ്രതിരോധശക്തി ശരീരത്തിന് ഉണ്ടാക്കുന്നതാണെന്ന തോന്നൽ മനസിൽ ഉദിച്ചു. മരുന്നില്ലങ്കിലും രോഗത്തോട് പൊരുതാൻ കഴിയുമെന്ന മനക്കരുത്തുണ്ടായി. അങ്ങനെ ഒരുപാടു കാര്യങ്ങൾ ആരും പഠിപ്പിക്കാതെ പഠിച്ചു.
കാവല്ലൂർ ഗംഗാധരൻ, ഇരിങ്ങാലക്കുട