റബർ കർഷകരെക്കൂടി കർഷകരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തണം
Thursday, May 21, 2020 11:20 PM IST
കേന്ദ്രസർക്കാരിന്റെ കർഷകരക്ഷാ പാക്കേജിൽ റബർ കർഷകരുടെ സാന്പത്തിക ഉന്നമനത്തിനും തോട്ടം നിലനിർത്തുന്നതിനും യാതൊന്നും ഉൾക്കൊള്ളിച്ചതായി കാണുന്നില്ല. ഏതാനും വർഷമായി റബർ കർഷകർ വിലത്തകർച്ച മൂലം കഷ്ടത്തിലാണ്. റബറുമായി ബന്ധപ്പെട്ട തൊഴിലാളികളും വ്യാപാരികളും മറ്റും സാന്പത്തികമായി തകർന്നു. കൂനിന്മേൽ കുരുവായി കോവിഡ് മഹാമാരിയും.
റബർതോട്ടം സംരക്ഷിക്കുന്നതിനാവശ്യമായ പുതുകൃഷി, ആവർത്തനകൃഷി സഹായം കേന്ദ്രസർക്കാർ നേരത്തെ തന്നെ നിർത്തിവച്ചു. റബർ താങ്ങുവില പദ്ധതിയും ഉപേക്ഷിച്ചു. ഇതുമൂലം റബർ ഉത്പാദനം നാൾക്കുനാൾ കുറഞ്ഞുവരുന്നു. പല ചെറുകിട റബർകർഷകരും തോട്ടം തരംമാറ്റി മറ്റു കൃഷികളിലേക്കു തിരിഞ്ഞുകഴിഞ്ഞു.
എന്നാൽ, റബർ പ്ലാന്റേഷനിൽപ്പെട്ട ചെറുകിട കർഷകർക്കു തോട്ടം തരംമാറ്റി മറ്റു കൃഷികൾ ചെയ്യാനാവാത്ത സ്ഥിതിയാണ്. നഷ്ടം സഹിച്ചും മറ്റു യാതൊരു കൃഷിയും ചെയ്യാനാവാതെയും തോട്ടം വില്ക്കാൻ സാധിക്കാതെയും ആത്മഹത്യയിലേക്കു നീങ്ങുകയാണു ചെറുകിട റബർകർഷകർ.
തോട്ടം തരംമാറ്റിയാൽ മിച്ചഭൂമിയായി പിടിച്ചെടുക്കുമെന്ന നിയമവ്യവസ്ഥ ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ പ്രാകൃതവും മനുഷ്യാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. തോട്ടം നിലനിർത്തണമെങ്കിൽ തക്കതായ നഷ്ടപരിഹാരം കർഷകർക്കു ലഭിക്കേണ്ടതാണ്. വിലത്തകർച്ചയ്ക്കു കാരണം കർഷകരല്ലല്ലോ!
ഡ്യൂട്ടി ഇളവു ചെയ്ത് അനിയന്ത്രിതമായി ഇറക്കുമതി നടക്കുന്നതുകൊണ്ട് ഇനി അടുത്തകാലത്തൊന്നും മെച്ചപ്പെട്ട വില പ്രതീക്ഷിക്കേണ്ട. ഈ സാഹചര്യത്തിൽ ചെറുകിട റബർ തോട്ടമുടമകൾക്ക് ഭൂമിയുടെ 50 ശതമാനമെങ്കിലും മറ്റു ലാഭകരമായ രീതിയിൽ തരംമാറ്റാൻ അനുവദിക്കേണ്ടതാണ്. സർക്കാർ ഇതിനാവശ്യമായ നിയമനിർമാണം നടത്തണം. സർക്കാരിനു സാന്പത്തിക ബാധ്യതയുണ്ടാവില്ലെന്ന് മാത്രമല്ല, വരുമാനം വർധിക്കുകയും ചെയ്യും.
ഇക്കാര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളും രാഷ്ട്രീയ കക്ഷികളും അടിയന്തരശ്രദ്ധ പതിപ്പിക്കണം.
കെ.വി. ജോസഫ്, കോഴിക്കോട്