കൊറോണ ഭീതി അകന്നിട്ടില്ല
Monday, May 25, 2020 10:45 PM IST
കൊറോണ ഭീതിയിലാണ് ലോകമാകമാനം. ആരോഗ്യ വകുപ്പിന്റെ ശക്തമായ ഇടപെടൽവഴി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ ആശങ്കാവഹമായ സാഹചര്യം നിലവിൽ ഇല്ലെങ്കിലും ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ കൊറോണ എന്ന മഹാമാരി പൂർണമായും അവസാനിച്ചു എന്ന ധാരണ ചെറിയപക്ഷം ആളുകൾ വച്ചുപുലർത്തുന്നു എന്നു വേണം കരുതാൻ. വിവിധ ആവശ്യങ്ങൾക്കു റോഡിലേക്ക് ഇറങ്ങുന്നത് തെറ്റില്ല. പക്ഷേ മാസ്ക് വയ്ക്കുന്നതിൽ ഗുരുതരമായ അലംഭാവമാണ് പലരും കാണിക്കുന്നത്. പലരും മാസ്കിന്റെ സംരക്ഷണം കഴുത്തിനും വായ്ക്കുമാണ് നൽകുന്നത്. വാഹനത്തിൽ പോകുന്നവരും കാൽനട യാത്രക്കാരും മാസ്ക് ചടങ്ങിനു വേണ്ടി എന്ന പോലെ കഴുത്തിൽ തൂക്കിയിട്ടു നടക്കുന്നതും കാണാം. ലോകമെമ്പാടും കൊറോണ പടരുന്പോൾ മലയാളികളെ കൊറോണയ്ക്ക് പേടിയാണ് എന്ന രീതിയിൽ പറയുന്നതും അമിത ആത്മവിശ്വാസം നടിക്കുന്നതും അപകടമാണ്.
അജയ് എസ്. കുമാർ, പ്ലാവോട്