ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കരുതോ?
Monday, May 25, 2020 10:45 PM IST
ഇളവുകളോടുകൂടിയാണ് നാലാം ലോക്ക്ഡൗണ്‍ ആരംഭിച്ചത്. ജില്ലയ്ക്കകത്തു പൊതുഗതാഗതം തുടങ്ങി. കടകന്പോളങ്ങൾ സാധാരണ നിലയിലേക്കു വന്നു. ജനങ്ങൾക്കു നിയന്തണങ്ങളോടുകൂടി പുറത്തിറങ്ങാനും ജോലി ചെയ്യാനും സാധിക്കും. എന്നാൽ, ആരാധനാലയങ്ങൾക്ക് ഒരു ഇളവും നൽകിയിട്ടില്ല.
ഇതിലും മാരകമായ പല പകർച്ച വ്യാധികളും യുദ്ധങ്ങളും ലോകത്തിന്റെ പല ഭാഗത്തും അരങ്ങേറിയിട്ടും ആരാധനാലയങ്ങൾ അടച്ചിടുകയോ ആരാധനയ്ക്കും പ്രാർഥനയ്ക്കും വിലക്ക് ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ല. മഹാമാരി താണ്ഡവമാടി അനേകായിരം മനുഷ്യരുടെ ജീവനെടുത്ത യൂറോപ്യൻ രാജ്യങ്ങളിൽ നിയന്തണങ്ങളോടുകൂടി ആരാധനാലങ്ങൾ തുറക്കാൻ തുടങ്ങി. നിയന്തണങ്ങളോടുകൂടി ആരാധനാലങ്ങൾ കേരളത്തിലും തുറക്കണം. ആരാധനയ്ക്കും പ്രാർഥനയ്ക്കും വരുന്നവർക്കു മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും സർക്കാർ നിർദേശിക്കുന്ന സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങൾ പാലിക്കാൻ സാധിക്കും.
ഇന്നു ജനങ്ങൾ രോഗവ്യാപനത്തെകുറിച്ചും രോഗത്തെകുറിച്ചും കൂടുതൽ അറിവും ബോധ്യവുമുള്ളവരാണ്. പുതിയ പരിഷ്കാരങ്ങൾ ആർക്കും അസഹിഷ്ണുതയ്ക്കു കാരണമാകുന്നില്ല. പല മതവിശ്വാസികൾ ഐക്യത്തിലും സാഹോദര്യത്തിലും വസിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു പുതിയ മാതൃക ലോകത്തിനു കാണിച്ചുകൊടുക്കാൻ കഴിയും.
ആൻ മരിയ ജോസ് കീലത്ത്, അണക്കര