വ്യാജക്കള്ള് വിൽക്കാൻ അനുവദിക്കരുത്
Friday, May 29, 2020 1:22 AM IST
കേരളത്തിൽ മിക്കയിടങ്ങളിലും തെങ്ങുചെത്ത് ഒരു പഴങ്കഥയാണെന്നും ലക്ഷക്കണക്കിനു ലിറ്റർ അളവിൽ കള്ള് എന്ന പേരിൽ ഇപ്പോൾ വിൽക്കുന്നത് ആരോഗ്യത്തിനു ഹാനികരമായ വ്യാജമിശ്രിതമാണെന്നും മന്ത്രിമാർക്കും സാധാരണ ജനങ്ങൾക്കും അറിയാമല്ലോ. കേരളത്തിൽ പല സ്ഥലങ്ങളിൽനിന്നും അടുത്തയിടെ വീപ്പക്കണക്കിനു വ്യാജക്കള്ള് പിടികൂടിയിട്ടുണ്ട്.
സർക്കാർ ആശുപത്രികളിൽ എത്തുന്ന പുരുഷരോഗികളിൽ നല്ലൊരു പങ്കിനു മദ്യജന്യമായ കരൾരോഗമാണെന്നാണല്ലോ കണക്കുകൾ പറയുന്നത്. മദ്യം കിട്ടാതിരുന്ന കാലത്ത് അനേകം കുടുംബങ്ങളിൽ വീട്ടുചെലവിനു ബുദ്ധിമുട്ടുണ്ടായില്ല. കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ച് ഭാര്യമാർക്ക്, സമാധാനവുമുണ്ടായിരുന്നു. മദ്യം വിറ്റ് കുടുംബങ്ങളെ ദുരിത ത്തിലാക്കി വരുമാനമുണ്ടാക്കുക ഒട്ടും ഭൂഷണമല്ല. മായംചേർക്കൽ നിരോധ നനിയമം വ്യാജക്കള്ളിനു ബാധകമല്ലേ? തമിഴ്നാട്ടിൽ സ്ത്രീകളുടെ പ്രതിഷേധത്തെത്തുടർന്ന് മദ്യഷോപ്പുകൾ അടവ് തുടരുകയാണ്. ചില ലോബികളുടെ താത്പര്യമല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം എന്നത് അധികാരികൾ കണക്കിലെടുക്കണം.
അതുപോലെ മറ്റു ചില കാര്യങ്ങളും...
1. തരിശു നെൽപ്പാടങ്ങൾ കൃഷി ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണം. അതാതു മുനിസിപ്പാലിറ്റി / പഞ്ചായത്തുകളെ ഇതിനു ബാധ്യസ്ഥരാക്കണം. താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ മാറ്റണം.
2. കീടനാശിനികൾ, മാരകമായവയ്ക്കു പകരം സുരക്ഷിതമായവ ഉത്പാദിപ്പിക്കണം.
3. കക്കൂസ് മാലിന്യം പ്രശ്നമാകുകയാണ്. സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് കന്പനികൾ അത് ഹൈജീനിക് ആയി പ്രോസസ് ചെയ്യാൻ നടപടിയെടുക്കണം.
4. നദികളിൽ ഇപ്പോൾ തെളിഞ്ഞ വെള്ളമാണ്. ഫാക്ടറികളിൽ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക്, ഹൗസ് ബോട്ടുകൾ, മറ്റുമലിനീകരണം തുടങ്ങിയവ വീണ്ടുമെത്താൻ അനുവദിക്കരുത്.
5. മത്സ്യ മാംസ വിലകൾ അടിക്കടി കൂട്ടി, ഇടനിലക്കാർ കൊള്ള ലാഭം കൊയ്യുകയാണ്. സാധാരണക്കാർക്ക് എങ്ങനെ വാങ്ങാനാകും? ഇത് നിയന്ത്രിക്കണം.
6. ഹോട്ടൽ, ബേക്കറികളിൽ പലഹാരങ്ങളുടെ വലുപ്പവും തൂക്കവും മാനദണ്ഡം പാലിക്കപ്പെടണം.
7. ഓട്ടോറിക്ഷാക്കൂലി മീറ്റർ വച്ച് നിജപ്പെടുത്തണം.
8. വാഹനങ്ങൾ, വളവുകളിൽപോലും റോഡിലേക്കിറക്കി നിർത്തിയിടുന്നതുമൂലം അപകടങ്ങൾ ഉണ്ടാകുന്നു. ഇതു നിരോധിക്കണം.
9. പോലീസ്, എക്സൈസ് വകുപ്പുകൾ പിടികൂടിയ വാഹന ങ്ങൾ തുരുന്പിച്ചു നശിക്കുന്നു. നിയമങ്ങളിൽ ഉചിതമായ മാറ്റം വരുത്തി ഇരുന്പുവിലയ്ക്കെങ്കിലും ഇവ വിൽക്കാൻ നടപടിയുണ്ടാകണം.
10. തിരക്കുള്ള പല റോഡുകളിൽപോലും അപകട സാധ്യതയുള്ള കൊടുംവളവുകളുണ്ട്. ഏതാനും അടി മണ്ണു നീക്കേണ്ട പ്രശ്നമേയുള്ളു. വേണ്ടിവന്നാൽ സ്ഥലമുടമകൾക്ക് ചെറിയ തുക കൊടുത്ത് ഇതു പരിഹരിക്കണം.
സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി