കർഷകരെ സർക്കാർ സംരക്ഷിക്കണം
Friday, May 29, 2020 1:24 AM IST
കോവിഡ്19 എന്ന മഹാമാരിയിൽ നിന്നുളവായ ഒരു പ്രധാന സംഗതിയാണ് മനുഷ്യൻ സ്വയം അധ്വാനിച്ചു ചെറിയ തോതിലെങ്കിലും കൃഷി ചെയ്യാൻ കാണിക്കുന്ന വിവേകം. സ്വയംപര്യാപ്തതയിലേക്കുള്ള ഒരു തുടക്കം. അതങ്ങനെ മുന്നോട്ടു പോകാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.
സർക്കാരും കൃഷി വകുപ്പും കൃഷിവ്യാപനത്തിനുവേണ്ടി വലിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ തന്നെ ലഭ്യമായവ ഉപയോഗിക്കുന്നതിലും കർഷകർക്കു ന്യായവില ലഭ്യമാക്കുന്നതിലും വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല എന്നതു വസ്തുതയാണ്. മൽസ്യമേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങൾ ഇവിടെയും ചെയ്താൽ കാർഷികോത്പന്നങ്ങൾക്കു ന്യായവില ലഭിക്കുകയും അതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു കൂടുതൽ വിളയിക്കാൻ കർഷകർ ശ്രദ്ധിക്കുകയും ചെയ്യും. അതുമല്ലെങ്കിൽ ഓൺലൈൻ സംവിധാനങ്ങളും പ്രോസസിംഗ് സെന്ററുകളും മൂല്യവർധിത ഉത്പാദന കേന്ദ്രങ്ങളും ഒരുക്കിയാലും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവും. സ്വകാര്യ, വിദേശ സംരംഭകരെ ഇതിലേക്ക് ആകർഷിക്കുകയും ചെയ്യണം. കേരളത്തിലെ കൃഷി ഭവനുകളെല്ലാം ഭംഗിയായി പ്രവർത്തിച്ചാൽ കേരളം നന്നാകും.
ലോകത്തിന്റെ പല ഭാഗത്തു നിന്നും കേരളത്തിലേക്ക് പഴ വർഗങ്ങൾ ഭംഗിയുള്ള പാക്കറ്റുകളിലായി എത്തുന്നുണ്ട്. പക്ഷേ ഇവിടെയുള്ളവ അങ്ങനെ ചെയ്യാൻ ആരും മെനക്കെടുന്നുമില്ല. വട്ടവടയിലെയും കാന്തല്ലൂരിലെയും പഴവർഗങ്ങളും വാഴക്കുളത്തെ പൈനാപ്പിളും പാലക്കാട്ടെ മാമ്പഴവും പിന്നെ ചക്കയും എല്ലാം എല്ലായിടത്തും എത്തിക്കണം. അപ്പോൾ കർഷകർക്കു ന്യായമായ വില കിട്ടും. അപ്പോൾ കൂടുതൽ ഉത്പാദിപ്പിക്കും.
എല്ലാ വീടുകളിലും സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ സർക്കാർ ധാരാളം സബ്സിഡി കൊടുക്കുന്നുണ്ടല്ലോ. അതുപോലെ കേരളത്തിലെ എല്ലാ വീടു കളിലും ടെറസുകളിലും തിരി നന, ഡ്രിപ് ഇറിഗേഷൻ സംവിധാനം ഒരുക്കാൻ സബ്സിഡി കൊടുക്കാൻ സർക്കാർ മുൻകൈ എടുത്താൽ കേരളത്തിലെ പച്ചക്കറി ക്ഷാമം അവസാനിക്കും.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ