പരിഷ്കൃത സമൂഹത്തിലെ അപരിഷ്കൃത പരീക്ഷാസമ്പ്രദായം
Monday, June 15, 2020 11:26 PM IST
കഴിഞ്ഞ ദിവസങ്ങളിൽ ഒരു കോപ്പിയടി ആരോപണവും തുടർന്നുള്ള ആത്മഹത്യയും ആഘോഷമാക്കിയ ചാനൽചർച്ചകളും മാധ്യമവാർത്തകളും സമൂഹത്തിൽ നിറഞ്ഞാടുകയായിരുന്നല്ലോ. നമ്മുടെ ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ ഇതു കൈകാര്യം ചെയ്ത രീതി ഒരു പരിഷ്കൃത സമൂഹത്തിനും ചേർന്നതായിരുന്നില്ല. മൃതസംസ്കാരം പോലും കഴിയുന്നതിനു മുൻപ് പിതാവിനെയും ബന്ധുക്കളെയും ചാനലിൽ പ്രദർശന വസ്തുക്കളായി അവതരിപ്പിച്ചതു ധാർമികരോഷം കൊണ്ടൊന്നും അല്ലെന്നതു പകൽപോലെ വ്യക്തമാണ്.
ഇതിനൊക്കെ വഴിവച്ചു കൊടുക്കുന്നത് നമ്മുടെ പരീക്ഷാ സമ്പ്രദായമാണ്. നമ്മെക്കാൾ സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും പിന്നിലുള്ള രാജ്യങ്ങൾവരെ കൃത്യവും വ്യക്തവുമായ നിയമങ്ങൾ അനുസരിച്ചാണ് പരീക്ഷകൾ നടത്തുന്നത്. ഒരു വിദ്യാർഥി കോപ്പിയടിക്കുന്നതായോ മറ്റു ചട്ടവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായോ ശ്രദ്ധയിൽപെട്ടാൽ ആരോപണത്തിന് ആധാരമായ രേഖകൾ പിടിച്ചെടുത്ത ശേഷം അധികാരികളെ അറിയിക്കണം. ചീഫ് ഇൻവിജിലേറ്റർ വന്നു നടന്ന കാര്യങ്ങൾ ചുരുക്കമായി ഉത്തരക്കടലാസിൽ എഴുതി വിദ്യാർഥിയുടെയും ഇൻവിജിലേറ്ററുടെയും ഒപ്പിട്ടു വാങ്ങി വച്ചശേഷം പുതിയ ഒരു ഉത്തരക്കടലാസ് വിദ്യാർഥിക്കു നൽകി പരീക്ഷ തുടർന്നെഴുതാൻ അനുവദിക്കും. ഇതുവഴി കുറ്റം തെളിയുന്നതു വരെ കുറ്റാരോപിതൻ നിരപരാധി ആണെന്നുള്ള സാമാന്യ നീതിയാണ് നടപ്പാക്കുന്നത്. പരീക്ഷയുടെ അവസാനം നിബന്ധനകൾ അനുസരിച്ച് ക്രമക്കേട് എന്നു രേഖപ്പെടുത്തി രണ്ട് ഉത്തരക്കടലാസുകളും അനുബന്ധ രേഖകളും സർവകലാശാലയ്ക്ക് അയച്ചുകൊടുക്കുന്നു.
അവിടെ മാധ്യമ വിചാരണകൾക്കു യാതൊരു പ്രസക്തിയുമില്ല. തന്നെയുമല്ല വിദഗ്ധർ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളെയും നിക്ഷിപ്ത താത്പര്യമുള്ള രാഷ്ട്രീയക്കാരെയും നിരീക്ഷകരെയും വിളിച്ചു വരുത്തി മാധ്യമ വിചാരണ നടത്താനുള്ള അവസരവും ഉണ്ടാകില്ലല്ലോ.
ജോസ് ഓലിക്കൽ, ഡിവൈൻ നഗർ, ചങ്ങനാശേരി