പ്രിൻസിപ്പൽ ചെയ്തതിൽ എന്താണു തെറ്റ്?
Wednesday, June 17, 2020 12:25 AM IST
""ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്'' പന്തിയോസ് പീലാത്തോസിന്റെ ഭാര്യയുടെ വാക്കുകൾ.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർക്ക് ഒരു തുറന്ന കത്താണിത്. പരീക്ഷാഹാളിൽ മതമില്ല, രാഷ്ട്രീയമില്ല, ധനികനില്ല, ദരിദ്രനില്ല, പ്രധാനമന്ത്രി ഇല്ല, മുഖ്യമന്ത്രിയില്ല, എംപിയില്ല, എംഎൽഎ ഇല്ല എന്നൊക്കെ സാറിനറിഞ്ഞുകൂടേ. അവിടെ എല്ലാവരും പരീക്ഷാർഥികൾ. അവിടെ ഒരു നിയമം മാത്രം ചോദ്യപേപ്പറിലെ ചോദ്യങ്ങൾക്ക് ഉത്തരം അറിവുണ്ടെങ്കിൽ എഴുതുക. അല്ലാത്തതു വിട്ടുകളയുക.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച് ഒരു പുസ്തകത്തിൽ വായിച്ചതോർക്കുന്നു. അദ്ദേഹം പരീക്ഷയെഴുതിക്കഴിഞ്ഞപ്പോൾ രണ്ടു ചോദ്യത്തിന് ഉത്തരം എഴുതിയില്ല. എക്സാമിനർ ചോദിച്ചു. എന്തുകൊണ്ടു രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം എഴുതാത്തത്? മറ്റു ചോദ്യങ്ങൾക്കെല്ലാം നല്ല ഭംഗിയായി എഴുതിയല്ലോ? ഗാന്ധിജിയുടെ മറുപടി ഇതായിരുന്നു ""കോപ്പിയടിച്ച് എഴുതിയിട്ട് എനിക്കു മാർക്കുവേണ്ട''. എത്ര നല്ല മറുപടി.
പ്രിൻസിപ്പൽ, അധ്യാപകർ ഇവർക്കുമുണ്ടല്ലോ നിയമങ്ങൾ. തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലികൾ സത്യസന്ധമായും കൃത്യതയോടെയും ചെയ്യുക, മുഖം നോട്ടമില്ലാതെ. അതു മാത്രമേ ചേർപ്പുങ്കൽ കോളജിലെ പ്രിൻസിപ്പലും അധ്യാപകനും ചെയ്തിട്ടുള്ളു. ക്രൈസ്തവ സഭയെ ക്രൂശിക്കുക എന്നതു പലർക്കും പതിവായിരിക്കുന്നു. പ്രിൻസിപ്പലിന്റെയോ ക്രമക്കേട് കണ്ടുപിടിച്ച അധ്യാപകന്റെയോ സ്ഥാനത്ത് വിസിയാണു നിന്നതെങ്കിലും ഇതുതന്നെ സംഭവിക്കുമായിരുന്നില്ലേ?
പുതുതലമുറയ്ക്കു സംഭവിക്കുന്നതെന്താണ്? ഒന്നു തുമ്മിയാൽ തൂങ്ങിമരണം, മണ്ണെണ്ണ ഒഴിച്ചു കത്തിക്കൽ, നദിയിൽ ചാട്ടം, ഒളിച്ചോട്ടം, പരീക്ഷാഫലം വരുന്പോൾ തോറ്റാൽ വിഷം കഴിക്കൽ.. ഇങ്ങനെ പോകുന്നു ലീലാവിലാസങ്ങൾ.
കുട്ടികൾക്കു ശിക്ഷണം കൊടുത്തു വളർത്തേണ്ട പ്രായമാണ് പത്തുവയസുവരെ. തെറ്റും ശരിയും എന്തെന്ന് ഈ സമയത്ത് മനസിലാക്കിക്കൊടുക്കണം. ദൈവഭയം എന്തിനെന്നു മനസിലാക്കിക്കൊടുക്കണം. എന്തു ചെയ്യാം, എന്തു ചെയ്യരുത് എന്നു പറഞ്ഞുകൊടുക്കണം. ജീവൻ ദൈവത്തിന്റെ ദാനമാണെന്നും അതെടുക്കാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളു എന്നും മനസിലാക്കിക്കൊടുക്കണം.
ഹാൾ ടിക്കറ്റിൽ എഴുതിയതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതിനു കോളജ് അധികൃതരെ കല്ലെറിഞ്ഞിട്ടു കാര്യമില്ല. സ്വന്തം നിരപരാധിത്വം തെളിയിക്കാൻ ആർക്കും അവകാശമുണ്ട്. ഇതിൽ മതവും രാഷ്ട്രീയവും കൊണ്ടുവരരുതേ.
ആലീസ് ജോർജ് എട്ടുപറയിൽ, രാമപുരം