വോട്ട് ഫ്രം ഹോം
Friday, June 19, 2020 11:30 PM IST
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ തെരെഞ്ഞെടുപ്പ് നടക്കുകയാണല്ലോ. കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പിന് കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സൂചിപ്പിച്ചു കഴിഞ്ഞു. എന്തുകൊണ്ട് വോട്ടെടുപ്പ് രീതി ഇന്നത്തെ സാഹചര്യത്തിൽ മാറ്റുന്നതിനെക്കുറിച്ചു ചിന്തിച്ചുകൂടാ?
ഓഫീസ് ജോലികൾ പലതും വർക്ക് ഫ്രം ഹോം ആണ്. ആരാധനകൾ യൂട്യൂ ബിൽ. കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ. മദ്യവിതരണം ബെവ് ക്യു ആപ് വഴി. പണത്തിന്റെ കൊടുക്കൽ വാങ്ങൽ എല്ലാം വ്യത്യസ്തമായ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെയാണ്. പ്രശസ്ത എഴുത്തുകാരനായ പൗലോ കൊയ്ലോ പറഞ്ഞതുപോലെ ഒരു കാര്യം ചെയ്യാൻ നാം ആത്മാർഥമായി വിചാരിച്ചാൽ എല്ലാം അനുകൂലമായി തീരും. അപ്പോൾ എന്തുകൊണ്ട് നമ്മുടെ വോട്ട് ചെയ്യലും വോട്ട് ഫ്രം ഹോം ആയിക്കൂടാ?
വിചാരിച്ചാൽ നടക്കും. ഇതിനെല്ലാം സൗകര്യം ഒരുക്കിത്താരാൻ കഴിവുള്ള മിടുക്കർ നമ്മുടെ നാട്ടിൽ തന്നെയുണ്ട്. സർവകക്ഷി യോഗം കൂടി തീരുമാനമെടുക്കുന്നതു നന്നായിരിക്കും. എന്തിനെയും എതിർക്കുന്ന കൂട്ടരും ചാനൽ ചർച്ചക്കാരും ഇതിനെയും എതിർക്കുമായിരിക്കും. എന്നാൽ ഇതിനെ കേരളത്തിലെ യുവജനങ്ങളും അഭ്യസ്തവിദ്യരും അനുകൂലിക്കും.
അതുപോലെ തെരഞ്ഞെടുക്കപ്പെടുന്നവർ കൂറുമാറാതിരിക്കാൻ നിയമം ഉണ്ടാകുകയും വേണം. കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ പല സ്ഥാപനങ്ങളിലും കൂറുമാറ്റ മേളകളായിരുന്നു. അതിനാൽ ജനങ്ങളുടെ വികസന ആവശ്യങ്ങൾക്കു ലഭിക്കേണ്ട പരിഗണന ഉണ്ടായില്ല.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ