കർഷക വിചാരം മറക്കരുത്
Tuesday, June 23, 2020 10:47 PM IST
ദീപികയിൽ പ്രസിദ്ധീകരിച്ച കലപ്പയുടെ വേദം ഹഠാദാകർഷിച്ചു. ഈ ലേഖനം കർഷകരുടെ സുവിശേഷമാണ്. രാഷ്ട്രാധികാരികളുടെയും പ്രകൃതി സ്നേഹികളുടെയും കണ്ണ് ഇനിയും തുറക്കാത്ത മേഖലയിലേക്ക് സൂര്യവെളിച്ചം വീശുകയാണ് ഡോ. സൂരജിന്റെ ലേഖനം. നാലുനേരം ഭക്ഷണം കഴിക്കുന്ന ഓരോ മനുഷ്യനും ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് മണ്ണിൽ കനകം വിളയിക്കുന്ന കർഷകരോടാണ്.
ജയ് ജവാൻ ജയ് കിസാൻ എന്നു ലാൽ ബഹദൂർ ശാസ്ത്രി പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ജവാന് ആവശ്യമുള്ളതെല്ലാം സർക്കാർ കൊടുത്തു. കിസാനോ? തീവ്ര മുതലാളിത്ത സാമ്പത്തിക നയവുമായി മുന്നോട്ടുനീങ്ങുന്ന രാഷ്ട്രീയക്കാർ എന്തു കൊണ്ടു കർഷകരെ അവഗണിക്കുന്നു?
കർഷകരെ കാണാത്തവർ ദൈവത്തെ കാണാത്തവരാണ്. ദൈവത്തിന്റെ ആദ്യ കല്പന അധ്വാനിക്കണം എന്നായിരുന്നു. ഇരുനൂറോ മുന്നൂറോ വർഷങ്ങളേ ആയുള്ളു വ്യവസായ വിപ്ലവം ഉണ്ടായിട്ട്. അതിനു മുമ്പ് കുറഞ്ഞത് 12,000 വർഷങ്ങളും മനുഷ്യർ കൃഷിക്കാരായിരുന്നു. ഇനി എത്രകാലം കഴിഞ്ഞാലും കൃഷിയെ ഒഴിവാക്കി മനുഷ്യനു ജീവിക്കാനാവില്ല.
എസി റൂമിൽ കറങ്ങുന്ന കസേരയിലിരുന്ന് പ്രകൃതി സ്നേഹത്തെപ്പറ്റി പാന വായിക്കുന്ന ചില കേന്ദ്ര മന്ത്രിമാർ നമുക്കുണ്ട്. വല്ലപ്പോഴും ഒരു പട്ടിയെയും പൂച്ചയെയും ചേർത്തുപിടിച്ചു ഫോട്ടോ എടുത്ത് മാധ്യമങ്ങൾക്കു നൽകുന്നവരാണിവർ. ഇത്തിരി മുൻപ് കഴിച്ച ചപ്പാത്തിയും ഇത്തിരി കഴിയുമ്പോൾ കഴിക്കുന്ന ചോറുമൊക്കെ മുൻപിൽ എത്തിക്കുന്നത് കർഷകരാണെന്ന് അവർ അറിയുന്നില്ലേ? ഭാരതത്തിൽ നടക്കുന്ന ആത്മഹത്യകൾ, വീട് ഒഴിപ്പിക്കൽ തുടങ്ങിയവയൊന്നും ഇവർ കാണുന്നില്ലേ?
ഭൂരിപക്ഷം വരുന്ന കർഷകർ സംഘടിച്ചു ചുട്ട മറുപടി നൽകുന്നതിന് മുൻപ് ഈ പാവപ്പെട്ട കർഷകരെ ദയവായി പരിഗണിക്കൂ. ഉയർന്ന ബൗദ്ധിക നിലവാരവും കാർഷിക വിജ്ഞാനവുമുള്ള ലേഖകനും ലേഖനം പ്രസിദ്ധീകരിച്ച ദീപികയ്ക്കും നന്ദിയും അഭിനന്ദനങ്ങളും.
ഫാ. ലൂക്ക് പൂത്തൃക്കയിൽ, മടമ്പം, കണ്ണൂർ