അങ്കമാലി ശബരി റെയിൽപാത സമയബന്ധിതമായി പൂർത്തീകരിക്കണം
Wednesday, July 22, 2020 10:52 PM IST
സംസ്ഥാന ഗവൺമെന്റും റെയിൽവേയും തമ്മിലുള്ള തർക്കംമൂലം മുടങ്ങിക്കിടക്കുന്ന ശബരി റെയിൽപാത പൂർത്തീകരിക്കാൻ കേന്ദ്രഗവൺമെന്റ് ആവശ്യമായ നടപടി സ്വീകരിക്കണം. അങ്കമാലിയിൽ ഏതാനും കിലോമീറ്റർ പാതയുടെ പണികൾ നടത്തിയതല്ലാതെ പിന്നീട് ഒരു പണിയും നടക്കുന്നില്ല.
ഒരിഞ്ചു പോലും റെയിൽവേ ഇല്ലാത്ത ഇടുക്കി ജില്ലയിൽകൂടി റെയിൽപാത വന്നാൽ സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയുടെ മുഖഛായ മാറുന്നതോടൊപ്പം ടൂറിസത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുന്നതുമാണ്. മതിയായ വില ലഭിക്കാതെ ലക്ഷക്കണക്കിനു രൂപയുടെ ചക്കയാണ് വർഷംതോറും നശിച്ചുപോകുന്നത്. റെയിൽവേ യാഥാർഥ്യമായാൽ ഇടുക്കിയുടെ സ്വന്തം ഉത്പന്നങ്ങളും വാഴക്കുളത്തെ കൈതച്ചക്കയും മെച്ചപ്പെട്ട വിലയ്ക്ക് ഇന്ത്യയിലെ മെട്രോനഗരങ്ങളിൽ വിറ്റഴിക്കാൻ കഴിയും.
ദുർഘടമായ സ്ഥലത്തുകൂടി കുത്തബ്മിനാറിനേക്കാൾ ഉയരമുള്ള തൂണുകളിൽ പണിത കൊങ്കൺ റെയിൽവേക്കുവേണ്ടി മുടക്കിയ തുകയേക്കാൾ കുറഞ്ഞ ചെലവിൽ ഇടുക്കി റെയിൽവേ പൂർത്തിയാക്കാൻ കഴിയുന്നതാണ്. മെട്രോമാൻ ശ്രീധരൻ സാറിന്റെ സേവനം ഉറപ്പാക്കിയാൽ മതിയാകും. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന ലക്ഷക്കണക്കിന് ശബരിമല തീർഥാടകർക്ക് എളുപ്പത്തിൽ ശബരിമലയിൽ എത്തിച്ചേരാൻ കഴിയുന്നതോടൊപ്പം റെയിൽവേക്ക് ഗണ്യമായ വരുമാനം ലഭിക്കുകയും ചെയ്യും. തീർഥാടനകാലത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങൾ കുറയുകയും ചെയ്യും. ഇടുക്കി എംപി ഈ വിഷയം ലോക്സഭയിൽ അവതരിപ്പിച്ചത് സ്വാഗതാർഹമാണ്.
ബെന്നി വാളികുളം, ഉപ്പുതറ