ആദായകരമായ കൃഷി ചെയ്യാൻ അനുവദിക്കണം
Thursday, July 23, 2020 11:28 PM IST
റബർ നിയമവും റബർ പ്രതിസന്ധിയും എന്ന പി.സി. സിറിയക്കിന്റെ ലേഖനവും തുടർന്നുള്ള പത്രാധിപർക്കുള്ള കത്തുകളും റബർ കർഷകർ മറ്റ് ആദായകരമായ കൃഷിയിലേക്ക് മാറണമെന്നുള്ള അഭിപ്രായങ്ങളും പൂർണമായും ശരിയാണ്.
മിച്ചഭൂമിയിൽ ഇളവു ലഭിച്ച തോട്ടങ്ങൾ വിവിധ കാരണങ്ങളാൽ ലാഭകരമല്ലാതെ വന്ന സാഹചര്യത്തിൽ മുറിച്ച് വിറ്റപ്പോൾ ആയിരത്തിൽ പരം ചെറുകിട കർഷകർ തോട്ടങ്ങൾ വാങ്ങുകയും പരിപാലിക്കുകയും ചെയ്തിരുന്നു. എന്നാൽ വർഷങ്ങളായി വൻ വിലത്തകർച്ചയും ഉത്പാദനച്ചെലവും നിമിത്തം തോട്ടം നിലനിർത്താനാകാതെ മറ്റു കൃഷികളിലേക്ക് മാറാൻ നിയമം തടസമായി നില്ക്കുന്നു.
കേരള ഭൂപരിഷ്കരണ നിയമം 81 (E) വകുപ്പ് പ്രകാരം മിച്ചഭൂമിയിൽ ഇളവു ലഭിച്ച ഭൂമിയാണെങ്കിൽ മറ്റു കൃഷികൾ ചെയ്യാൻ അനുവാദമില്ല. അങ്ങനെ ചെയ്താൽ 87ാം വകുപ്പു പ്രകാരം സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കുമെന്നുമാണ് എനിക്ക് വിവരാവകാശ നിയമപ്രകാരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നല്കിയത്.
പതിറ്റാണ്ടുകൾക്കു മുന്പുള്ള ഈ നിയമം കാലോചിതമായി പരിഷ്കരിക്കേണ്ടതാണ്. റബർ തോട്ടം വിറ്റപ്പോൾ നിയമാനുസൃതം രജിസ്റ്റർ ചെയ്ത് വാങ്ങിയതും പോക്കുവരവ് നടത്തി നികുതികൾ അടച്ച് കൈവശം വച്ച് വരുന്നതുമായ ഭൂമി ലാഭകരമല്ലാത്ത സാഹചര്യത്തിൽ ജീവിക്കാനായി മരങ്ങൾ മുറിച്ചുമാറ്റി മറ്റു കൃഷികൾ ചെയ്യുന്നതും മുറിച്ചുവിൽക്കുന്നതും എങ്ങനെ കുറ്റകരമാകും? അതെങ്ങനെ മിച്ചഭൂമിയാകും?
അതുകൊണ്ട് കേരളസർക്കാർ കാലോചിതമായി 15 ഏക്കർ വരെയുള്ളവരെയെങ്കിലും തരംമാറ്റി മറ്റ് ആദായകരമായ കൃഷികൾ നടത്തുവാൻ അനുവദിക്കണം. അതിനു മുകളിലുള്ളവർക്ക് 50 ശതമാനമെങ്കിലും തരംമാറ്റാനും അനുവാദം നല്കണം.
കെ.വി.ജോസഫ്, കോഴിക്കോട്