കതിരിൽ വളം വയ്ക്കുന്നവർ
Monday, July 27, 2020 12:04 AM IST
അനുദിനം പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ്; ചിന്തിക്കുന്ന മനുഷ്യന് ആകുലതയിലും. സനാതന മൂല്യങ്ങള്‍ അവമതിക്കപ്പെടുന്നു. കേട്ടാല്‍ അറപ്പുളവാക്കുന്ന സംഭവങ്ങള്‍ പെരുകുന്നു. പണത്തിനും പ്രശസ്തിക്കും സ്ഥാനമാനത്തിനും വേണ്ടി എന്തും ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നു; അവ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. മരണസംസ്കാരം രാക്ഷസരൂപം പ്രാപിച്ചിരിക്കുന്നു! ജീവന്റെ സംസ്കാരത്തിനായി നിലകൊള്ളുന്നവര്‍ അപഹാസ്യരായിത്തീരുന്നു. സ്വജനപക്ഷവാദവും കള്ളക്കടത്തും നിര്‍ലോപം അരങ്ങേറുന്നു.
മദ്യലഹരി മരുന്ന് ഉപയോഗം അടിക്കടി വര്‍ധിക്കുന്നു; അധികാരികള്‍ പോലും അതിനു കുട പിടിക്കുന്നു. മദ്യപാനികളും അവരുടെ കുടുംബങ്ങളും നശിച്ചാലും ഖജനാവ് നിറയ്ക്കാന്‍ മാത്രം വെമ്പല്‍! ലൈംഗിക അരാജകത്വം കൊടികുത്തി വാഴുന്നു. അതിനു കാരണമായി ഭവിക്കുന്ന പോര്‍ണോഗ്രഫി പോലെയുള്ള കാര്യങ്ങള്‍ ക്രിയാത്കമായി തടയാന്‍ ആര്‍ക്കും ആവുന്നില്ല. വിവിധ പ്രായാവസ്ഥയിലുള്ളവര് ആത്മഹത്യ ആശ്രയമായി കരുതുന്നു. അനീതിയും അക്രമവും ന്യായീകരിക്കപ്പെടുന്നു.
ഈ നാട്ടില്‍ ജാതി മത ഭേദമെന്യേ എല്ലാ വിദ്യാര്‍ഥികള്‍ക്കും ദേശബോധവും ദേശഭക്തിയും പൗരബോധവും ജനിപ്പിക്കുന്ന പാഠങ്ങളും സാന്മാര്ഗികപാഠങ്ങളും സ്കൂളുകളില്‍ നല്കി വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയപ്രത്യയ ശാസ്ത്രങ്ങള്‍ എല്ലാം തകിടം മറിച്ചു. തല്ലാനും കൊല്ലാനും എല്ലാം തകര്‍ക്കാനും തല്ലു മേടിക്കാനും നിഷ്കരുണം കൊല്ലപ്പെടാനുമുള്ള വ്യത്യസ്ത വേദികളും അവസരങ്ങളും തത്പര കക്ഷികള്‍ ഒരുക്കി. വിദ്യാലയങ്ങളില്‍ നിന്ന് സാന്മാര്ഗികപാഠ ക്ലാസുകള്‍ പടിയിറങ്ങി. അവിടെ തുടങ്ങി പ്രശ്നങ്ങള്‍.
കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷകള്എഴുതി വിജയം വരിക്കുന്ന രീതി, മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് നിര്‍ത്തലാക്കി; ഓൾ പാസ് സമ്പ്രദായം കൊണ്ടുവന്നു. പൊതു രംഗത്ത് എല്ലാ മേഖലകളിലും ധാര്‍മികത തകര്‍ന്നു വീണു. അധികാരം നേടാന്‍ ഏതു കുത്സിത മാര്‍ഗവും രാഷ്ട്രീയ പാര്‍ട്ടികള്‍ അവലംബിച്ചു.
ഗ്രാമപഞ്ചായത്ത് തലം മുതല്‍ അധികാരം പങ്കു വയ്ക്കാന്‍ തുടങ്ങി. നന്മയ്ക്കും നീതിക്കും സത്യസന്ധതയ്ക്കും വിലയില്ലാതായി. മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്നവരെ മൂലയ്ക്കിരുത്തി! എന്തും ചെയ്യുന്നവന് പ്രാമുഖ്യം നല്കി. ധാര്‍മിക ബോധം വെടിഞ്ഞാലേ സമൂഹത്തില്‍ ഉയരാനാകൂ എന്ന് ഇളം തലമുറയെ പറഞ്ഞ് പഠിപ്പിച്ചു. മാര്‍ക്കു തട്ടിപ്പ്, പരീക്ഷകളില്‍ കോപ്പിയടി, സ്വജനങ്ങള്‍ക്കു ഉദാരമായ മാര്‍ക്കു ദാനം, മോഡറേഷന്, റാങ്ക് തുടങ്ങിയ നിന്ദ്യമായ മാര്‍ഗങ്ങള്‍ കീഴ്വഴക്കങ്ങളായി മാറി. ഒരു മാര്‍ക്കു കുറഞ്ഞാല്‍, മാതാപിതാക്കളോ അധ്യാപകരോ അധികാരികളോ ഏതെങ്കിലും കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ആത്മഹത്യക്ക് ഒരുങ്ങുന്ന യുവജനങ്ങള്‍ ഇന്നിന്റെ മുഖമായി മാറി.
ഈ കൊറോണ കാലത്തു മുപ്പതോളം കുട്ടികള്‍ ജീവനൊടുക്കി. ഇപ്പോള്‍ സര്‍ക്കാരിനൊരു മനം മാറ്റം ; കുട്ടികള്‍ക്ക് കൗണ്‍സലിംഗ് കൊടുക്കണം. അതിനുള്ള സംവിധാനം പോലീസ് വകുപ്പില്‍ ക്രമീകരിച്ചിരിക്കുന്നു ! കതിരേല്‍ കൊണ്ടു വളം വയ്ക്കുന്നു!
ധാര്‍മിക ചിന്തയില്‍ ഉയരാന്‍, കുടുംബ ഭദ്രത ഉറപ്പുവരുത്താന്‍, ദൈവത്തില്‍ ആശ്രയിച്ച് മുന്നേറാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
ആന്റണി തോമസ് മലയില്‍,
ചീരംചിറ, ചങ്ങനാശേരി