ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനു വേണ്ടത്
Thursday, August 6, 2020 11:41 PM IST
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനു വേണ്ടത് എന്ന ലേഖനം വായിച്ചു. മത്സരപ്പരീക്ഷ ജയിക്കുക എന്നതാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് വിശ്വസിച്ചുപോരുന്ന ഒരു സമൂഹത്തിൽ ശരിയായ വിദ്യാഭ്യാസ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുന്ന കുറച്ചു പേരെങ്കിലുമുണ്ടാകുന്നത് നല്ല കാര്യമാണ് .
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നല്ല സമൂഹമാണ്. നല്ല സമൂഹത്തിന്റെ അടിത്തറ നല്ല വ്യക്തികളാണ്. ഒരാളെ നല്ല വ്യക്തിയാക്കി മാറ്റിത്തീർക്കുന്ന പ്രക്രിയയിൽ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ട് . സ്കൂളുകളിൽ നടക്കുന്ന പരീക്ഷകളിൽ വിജയിക്കുക എന്ന പരിമിതമായ ലക്ഷ്യമല്ല വേണ്ടത്. ജീവിതത്തിലെ പരീക്ഷകളിൽ ജയിച്ചു നല്ല ജീവിതം നയിക്കാൻ പ്രാപ്തിയുള്ള ജനതയാണ് രാഷ്ട്രത്തിനാവശ്യം. അതിന് സഹായകമായ വിദ്യാഭ്യാസം നൽകുന്ന പ്രക്രിയയിൽ പരീക്ഷകൾക്ക് അമിത പ്രാധാന്യമില്ല.
വിദ്യാർഥിയുടെ അറിവും കഴിവും അളക്കാനാണ് പരീക്ഷകൾ. വലിയൊരു വിഭാഗം വിദ്യാർഥികളും ഇന്ന് പരീക്ഷകളെ ഭയപ്പെടുന്നു. കഠിനമായ മാനസിക സമ്മർദമില്ലാത്ത പഠനാന്തരീക്ഷത്തിലാണ് ഫലപ്രദമായ വിദ്യാഭ്യാസ പ്രവർത്തനം നടക്കുക.ക്ലാസ് മുറിയിൽ നടക്കുന്ന നിരന്തര മൂല്യനിർണയമാണ് കൂടുതൽ ഗുണപ്രദം.
കുട്ടിയുടെ സമഗ്രമായ വ്യക്തിത്വത്തിൽ ഊന്നിയുള്ള പഠനത്തെ ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഒരു വിദ്യാർഥി നല്ല പൗരനാകാൻ പല വിധ ഗുണങ്ങൾ അയാളിൽ ഉണ്ടാകണം. എന്നാൽ മാത്രമേ അയാൾ നല്ല വ്യക്തിവൈശിഷ്ട്യമുള്ളവനായിത്തീരുകയുള്ളു. അതിന് മൂല്യവിദ്യാഭ്യാസം കൂടി വേണം. ഗണിതം, ശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവുകൾകൊണ്ട് മാത്രം വിജയകരമായ ജീവിതം ഉണ്ടാവില്ല. സത്യസന്ധത, നീതിബോധം, കരുണ, ഉത്തരവാദിത്വ ബോധം തുടങ്ങി പല മൂല്യങ്ങളും വിദ്യാർഥികളിൽ ഉണ്ടാകേണ്ടതുണ്ട്. ജീവിത വിജയത്തിനും നല്ല സമൂഹം രൂപപ്പെടാനും മേൽപ്പറഞ്ഞ ധാർമികമൂല്യങ്ങൾകൂടി കുട്ടികളിൽ ഉണ്ടാകണം .
ശിവദാസൻ തെക്കിനിയേടത്ത്