കോവിഡും പോലീസും
Saturday, August 8, 2020 11:04 PM IST
കോവിഡ് 19 ആദ്യ കാലങ്ങളിൽ കേരളത്തിൽ നിയന്ത്രണ വിധേയമായിരുന്നു. സാമൂഹികഅകലം പാലിക്കലും മറ്റു നിയന്ത്രണങ്ങളും പൊലീസ് നല്ല രീതിയി ൽ കൈകാര്യം ചെയ്തിരുന്നു. നിയന്ത്രണങ്ങളിൽ അയവു വരുത്തിയപ്പോൾ കേ രളത്തിൽ കോവിഡ് ഇല്ല എന്ന രീതിയിൽ ജനങ്ങൾ പെരുമാറുകയും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലീസിനെ വകവയ്ക്കാതെ സമരങ്ങളിൽ ഏർപ്പെടുകയും ചെയ്തു. തൽഫലമായി കേരളത്തിൽ കോവിഡിന്റെ വ്യാപനം രൂക്ഷമായി. ജനങ്ങൾ ഭയചകിതരാകുന്ന സ്ഥിതിയുമായി. ഇതിനെ പ്രതിപക്ഷം സർക്കാരിന്റെ പരാജയമായി കാണുന്നു. സർക്കാർ പറയുന്നു, ജനങ്ങൾ മരിച്ചാലും വോട്ട് നേടാനുള്ള ശ്രമത്തിലാണു പ്രതിപക്ഷമെന്ന്.
പക്ഷേ, ജനങ്ങൾ പലരും ജനാധിപത്യത്തേക്കാളും, മനുഷ്യാവകാശത്തേക്കാളും വിലമതിക്കുന്നത് സ്വന്തം ജീവനാണ്. പോലീസിന്റെ ശക്തമായ ഇടപെടലുകൾ അവർ ആഗ്രഹിക്കുകയാണ്. അതിനാൽ കോവിഡിന്റെ വ്യാപനം തടയുന്നതിന് ഇപ്പോൾ പോലീസിന് കൊടുത്തിരിക്കുന്ന കൂടുതൽ അധികാരങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമാണ്. ഈ പോലീസും ഈ നാട്ടിലെ ജനങ്ങൾ തന്നെയാണെന്ന കാര്യം ആരും മറന്ന് പോകേണ്ട. അവർ ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നില്ല എന്ന് മേലധികാരികൾ ശ്രദ്ധിക്കണമെന്ന് മാത്രം.
പോലീസിനെ ചുമതല ഏല്പിച്ചത് ഐഎംഎയും കെജിഎംഒഎയും എതിർക്കുന്നതിന്റെ കാരണമാണ് മനസിലാക്കാൻ കഴിയാത്തത്. അവരുടെ അധികാരത്തിലൊന്നും പോലീസിന് ഇടപെടേണ്ട കാര്യ മില്ല. അവർ അനാവശ്യമായി എല്ലാറ്റിനെയും ഭയപ്പെടുകയാണ്. ഇപ്പോൾ അലോപ്പതിയിൽ ഈ രോഗത്തിനു യാതൊരു മരുന്നുമില്ല എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. രോഗലക്ഷണമുള്ള ആളുകളെ ആശുപതിയിൽ പ്രവേശിപ്പിക്കുന്നു, ഓക്സിജൻ കൊടുക്കുന്നു, തുടർന്ന് ഐസിയുവിൽ ആക്കുന്നു ആവശ്യമായാൽ വെന്റിലേറ്ററിലേക്കും. അങ്ങനെ കഴിവതും സംരക്ഷിക്കാൻ മാത്രമേ ഇപ്പോൾ പറ്റുകയുള്ളൂ.
പ്രതിരോധമരുന്ന് കണ്ടുപിടിക്കാൻ വലിയ തുകകൾ ചെലവുള്ള പരീക്ഷണങ്ങൾ ലോകം മുഴുവൻ നടക്കുന്നു. എന്തായാലും പോലീസിന് കിട്ടിയ കൂടുതൽ അധികാരങ്ങൾ ഉപയോഗപ്രദമാകട്ടെ.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ