സീരിയൽ എന്ന ഒഴിയാബാധ
Monday, August 10, 2020 12:55 AM IST
എന്തിനീ അസാധാരണത്വങ്ങൾ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച കത്താണ് ഈ പ്രതികരണത്തിനാധാരം (ദീപിക 2072020). കത്തിൽ വിട്ടുപോയ ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനാണ് ഇതെഴുന്നത്.
കൊറോണ വൈറസിന്റെ ആക്രമണത്തെത്തുടർന്നു പൈങ്കിളി സീരിയലുകളുടെ അവതരണം നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ സീരിയൽ വൈറസ് പൂർവാധികം ശക്തിയോടെ തിരിച്ചെത്താൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ സംസ്കാരത്തെയും സദാചാരമൂല്യങ്ങളെയും തകർക്കുംവിധം പൈങ്കിളി സീരിയലുകൾ സംഹാരതാണ്ഡവമാടുകയാണ്.
കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ദാന്പത്യജീവിതത്തിലെ താളപ്പിഴകൾ ദൂരീകരിക്കുന്നതിനുമാണു മാധ്യമങ്ങൾ സഹായകമാകേണ്ടത്. സീരിയലിലെ ജീവിതങ്ങൾ യഥാർഥ ജീവിതത്തിലേതുതന്നെയാണെന്നു ധരിക്കുന്ന ശുദ്ധാത്മാക്കളുമുണ്ട്. പരന്പരയിലെ കഥാപാത്രത്തിന്റെ ദുരന്തത്തിൽ വേദനിച്ചു മാനസികരോഗത്തിന് അടിമയാകുന്നവർ പോലും ഉണ്ട്. കണ്ണീർ പരന്പരകളേക്കാൾ അപകടകരമാണ് യക്ഷികളും ഭൂതപ്രേതപിശാചുക്കളും കുട്ടിച്ചാത്താന്മാരും വിളയാടുന്ന അദ്ഭുത മാന്ത്രിക കഥകൾ. നിർമലമനസുകളായ കുട്ടികളുടെ മനോനില തകരാറിലാക്കാൻ ഇത്തരം കഥകൾക്കു കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.
സ്ത്രീസമൂഹത്തിന്റെ അന്തസും അഭിമാനവും പിച്ചിച്ചീന്തുന്ന പരന്പരകൾ പ്രദർശിപ്പിക്കാൻ സർക്കാർ അനുവദിച്ചുകൂടാത്തതാണ്. കൊറോണ വൈറസിനേക്കാൾ അപകടകരമായ പരന്പരകളിൽനിന്നും കരകയറേണ്ടത് സാംസ്കാരിക കേരളത്തിന്റെ അടിയന്തരാവശ്യമായി മാറിയിരിക്കുന്നു.
വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ