ഇതു വെള്ളരിക്കാപ്പട്ടണമോ?
Tuesday, September 8, 2020 1:01 AM IST
ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നവരുടെ സത്യസന്ധമായ മരണകാരണം തപ്പിയെടുക്കുന്ന കണ്ണാടിയാണ് പോസ്റ്റ്മോർട്ടം. ദൗർഭാഗ്യമെന്നു പറയട്ടെ, പത്തനംതിട്ട ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ കാര്യത്തിൽ അതുണ്ടായില്ലെന്ന് ആദ്യ പോസ്റ്റ്മോർട്ടത്തിൽനിന്നു മനസിലായി. ആദ്യം കാണാത്ത ഗൗരവതരമായ പല പരിക്കുകളും, അതായത്, കാൽമുട്ടിലെ ചതവും ഒടിവും കൈമുട്ടിലെ പൊട്ടലും തലയിലെ മുറിവുകളും രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത് ആദ്യ റിപ്പോർട്ട് തെറ്റാണെന്നു വിളിച്ചോതുന്നു.
പുതിയതും പഴയതുമായ തെളിവുകൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. സത്യസന്ധതയെ ചോദ്യംചെയ്യുന്ന തരത്തിലുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടാക്കിക്കൂടാ.
ഇത്തരം വ്യാജറിപ്പോർട്ട് തയാറാക്കുന്നവർ നീതിഘാതകരാണ്. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നു പിഴവുകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. സത്യസന്ധമായ റിപ്പോർട്ടുകൾ ഉണ്ടാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.
കാവല്ലൂർ ഗംഗാധരൻ, ഇരിങ്ങാലക്കുട