റബർ ഡിപ്പാർട്ട്മെന്റ് രൂപീകരിക്കണം
Tuesday, September 8, 2020 1:01 AM IST
ഓഗസ്റ്റ് 20ന് കയർപിരി സംഘങ്ങൾ യന്ത്രവത്കൃത ഫാക്ടറികളാക്കുന്നതിന്റെ രണ്ടാംഘട്ട ഉദ്ഘാടനം മന്ത്രി തോമസ് ഐസക് ചേർത്തലയിൽ നിർവഹിക്കുകയുണ്ടായി. 25 കയർ സഹകരണസംഘങ്ങളിൽ നേരത്തേതന്നെ യന്ത്രവത്കരണം നടപ്പാക്കിയിട്ടുള്ളതാണ്. രണ്ടാംഘട്ടംകൂടി നടപ്പാക്കുന്നതോടെ ഈ രംഗത്ത് വലിയൊരു ചലനമുണ്ടാകും.
ചെറുകിട റബർകർഷകരെ രക്ഷിക്കാൻ ഇതുപോലെ നൂതനമായ സംരംഭങ്ങൾ ആവിഷ്കരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. കയർവ്യവസായത്തെ രക്ഷിക്കാൻ ഇന്ത്യാ ഗവൺമെന്റിന്റെ കയർ കോർപറേഷനും കേരള ഗവൺമെന്റിന്റെ കയർ ഡിപ്പാർട്ട്മെന്റും ഉണ്ടല്ലോ. അതുപോലെ വ്യവസായവകുപ്പിനു കീഴിൽ ഒരു റബർ ഡിപ്പാർട്ട്മെന്റ് രൂപീകരിക്കുകയെന്നത് പ്രസക്തമാണ്. നേരത്തേ കോൺഗ്രസ് സർ ക്കാരിന്റെ കാലത്ത് പി. ചിദംബരം ധനകാര്യ മന്ത്രിയായപ്പോഴും പിന്നീട് ബിജെപി സർക്കാരിന്റെ കാലത്തും കൈക്കൊണ്ട നടപടികൾമൂലം റബർ കർഷകരുടെ നട്ടെല്ല് തകർന്നിരിക്കുകയാണ്.
ചെറുകിട റബർ കർഷകരുടെ ക്ഷേമത്തിന് റബർ വകുപ്പ് രൂപീകരിച്ചു പ്രവർത്തിച്ചാൽ റബർകൃഷി രംഗത്ത് അവശതയനുഭവിക്കുന്ന ലക്ഷക്കണക്കിനു കർഷകർക്ക് വലിയ ആശ്വാസമാകും.
ജയിംസ് മങ്കുഴിക്കരിഅണ്ടർ സെക്രട്ടറി, പബ്ലിക് സർവീസ് കമ്മീഷൻ (റിട്ട.),
തിരുവനന്തപുരം