ഭൂമിയുടെ ഓസോൺ കുട
Tuesday, September 15, 2020 10:50 PM IST
കാര്യമായ പ്രതികരണം ജനങ്ങളിൽ നിന്നില്ലാതെയാണ് മിക്ക വർഷങ്ങളിലും ഓസോൺ ദിനാചരണം കടന്നുപോകുന്നത്. ഭൂമിയുടെ ഈടുറ്റ പുതപ്പ്, മാന്ത്രികക്കുട എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള ഓസോൺ പാളിക്കു മനുഷ്യർ ദിവസവും ഉണ്ടാക്കുന്നത് ഗുതരമായ പരിക്കുകൾ.
ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനില്പിന് ഓസോൺ പാളികൾക്ക് ഗണനീയമായ പങ്ക് ഉണ്ടെങ്കിലും മിക്കവരും ഗൗനിക്കാതെ നിസാരവത്കരിക്കുന്നു. തൻമൂലം ഉണ്ടാകാൻ പോകുന്നതു വൻ അപകടവും. മനുഷ്യനിർമിത നൈട്രിക് ഓക്സൈഡ്, ഹൈഡ്രോക്സിൻ, ക്ലോറോഫ്ളൂറോ കാർബണുകൾ, ഹാലോണുകൾ, കാർബൺ ഡൈ ഓക്സൈഡ്, മിഥേൻ, ഡയോക്സിൻ, ബെൻസോ പൈറിൻ, ഹൈഡ്രോകാർബണുകൾ എന്നിവ ഓസോൺ പാളികൾക്കു ഗുരുതരമായ കേടുപാടുകൾ ഉണ്ടാക്കും. ഓസോൺ പാളികളിൽ സുഷിരങ്ങൾ വീണാൽ അപകടകാരിയായ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കും. മാരകമായ രോഗങ്ങൾ ഉണ്ടാകാം.
അന്തരീക്ഷ മലിനീകരണത്തിനു പല കാരണങ്ങളുണ്ട്. വിമാനങ്ങളുടെ ഓട്ടം മൂലം ആകാശത്ത് ഉണ്ടാകുന്ന മാലിന്യം ചെറുതൊന്നുമല്ല. ഇത് ഓസോൺ പാളികളെ വെല്ലുവിളിച്ച് അതിൽ വിള്ളൽ ഉണ്ടാക്കുന്നു. ഇതു ഹരിതഗൃഹ വാതകങ്ങളെക്കാൾ ഭീഷണിയുയർത്തുന്നതാണ്.
ഓസോൺ പാളിയെ സംരക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. അതിനായി ഇന്നത്തെ ഓസോൺ ദിനാചരണം മുതൽ നമ്മൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ ശ്രമിക്കാം. വീട്ടിൽ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്കും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളും കത്തിക്കുന്ന പ്രവണത ജനങ്ങളിൽ കൂടിവരുന്നുണ്ട്. കത്തി തീ പിടിക്കാത്തവ പുകഞ്ഞുപുകഞ്ഞ് ധാരാളം വിഷപ്പുക അന്തരീക്ഷത്തിൽ എത്തുന്നു. ഇതിനെല്ലാം നിയന്ത്രണങ്ങൾ വേണം.
ഭൂമിയുടെ പുതപ്പായ ഓസോൺ പാളികളെ സംരക്ഷിക്കുമെന്ന് നമുക്കു ശപഥം ചെയ്യാം.
കാവല്ലൂര്‍ ഗംഗാധരൻ, ഇരിങ്ങാലക്കുട