തസ്തികമാറ്റം: തീയതി തിരുത്തണം
Thursday, March 4, 2021 11:43 PM IST
ഹൈസ്കൂൾ, പ്രൈമറിയിൽ നിന്ന് പ്ലസ് ടു ജൂനിയറിലേക്കുള്ള തസ്തികമാറ്റ നിയമനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഈയിടെ അപേക്ഷ വിളിച്ചത് 2020 ഡിസംബർ 28 വരെ ഉണ്ടായ ഒഴിവുകളിലേക്കാണ്. എല്ലാ വിഷയത്തിനുമായി 589 ഒഴിവ്. അതിൽ ഹൈസ്കൂൾ 70%, പ്രൈമറി 20%, ലാബ് അസിസ്റ്റന്റ്, മറ്റു സ്റ്റാഫ് 5% വീതം എന്ന വിഭജനവും ഉണ്ട്.
സ്കൂളുകളിൽ ഒഴിവുണ്ടാകുന്നത് പ്രധാനമായും വിരമിക്കൽ മൂലം മാർച്ച് മേയ് കാലത്താണ്. മുമ്പ് മൂന്നുവട്ടം തസ്തികമാറ്റം വിളിച്ചത് 2007 ജൂലൈ 31, 2011 നവംബർ 30, 2015 ഡിസംബർ 31 വരെയുള്ള ഒഴിവിലേക്കാണ്. ഇത്തവണ, ഒന്നുമല്ലാത്ത രീതിയിൽ ഡിസംബർ 28. ഡിസംബർ 30, 31 തീയതികളിലായി ജൂനിയറിൽ നിന്നു സീനിയറിലേക്ക് 200 നിയമനം നടന്നു. ജനുവരിയിലും ചേർത്ത് ആകെ 268. വേറേ 236 നിയമനത്തിന്റെ നടപടി അന്തിമഘട്ടത്തിലാണ്. 166 പ്രിൻസിപ്പൽമാർ ഉൾപ്പെടെ മുന്നൂറോളം സീനിയർ അധ്യാപകർ ഈ വർഷം വിരമിക്കുന്നു. അവിടേക്കും ജൂനിയറിൽ നിന്ന് നിയമനം നടക്കണം. കൂടാതെ, നേരത്തേ തസ്തികമാറ്റം വഴി കയറിയ 30ലേറെ ജൂനിയർ അധ്യാപകരും വിരമിക്കുന്നു.
മേയ് 31 വരെയുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തിയാൽ അധികമായി 450500 പേർക്കു കൂടി നിയമനം ലഭിക്കും. അടുത്ത അധ്യയന വർഷത്തിൽ സ്കൂളുകളിൽ അധ്യാപക ക്ഷാമം ഉണ്ടാവുകയുമില്ല. ഇപ്പോൾ വിളിച്ച അപേക്ഷ പ്രകാരം, ആവശ്യത്തിന് അപേക്ഷകരില്ലാത്ത വിഷയങ്ങളിൽ മാത്രം സിസംബർ 28 നു ശേഷം യോഗ്യത നേടിയവരെക്കൂടി പരിഗണിച്ചാൽ മതിയാകും.
ജോഷി ബി. ജോൺ മണപ്പള്ളി