ജനത്തെ രക്ഷിക്കാൻ ആരുണ്ട് ?
Friday, March 5, 2021 11:46 PM IST
ഇന്ധന വില ചരിത്രംതിരുത്തിക്കുറിച്ച് അനുദിനം കുതിച്ചുയരുന്നു. പാചക വാതക സിലിണ്ടറിന്റെ വില വർധനവും ജനങ്ങൾക്ക് ഇരുട്ടടിയായി. വിലക്കയറ്റത്തിൽപ്പെട്ട് ജനങ്ങൾ നട്ടംതിരിയുകയാണ് ഡീസൽ പെട്രോൾ വില കൂട്ടുമ്പോൾ കഴിഞ്ഞ കാലത്ത് പ്രതികരിക്കാനും പ്രതിഷേധിക്കാനും ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമായിരുന്നു. ബന്തും ഹർത്താലും അകമ്പടിയായി ഉണ്ടാവും. പക്ഷേ, ഇന്ന് ജനങ്ങൾക്ക് പ്രതികരണേ ശേഷി ഇല്ലാത്ത സ്ഥിതി ! അഥവാ പ്രതികരിച്ചിട്ടും ഫലം കിട്ടാത്ത അവസ്ഥ.
കേരളത്തിൽ എവിടെയും തെരെഞ്ഞെടുപ്പ് മയമാണ്. ജനങ്ങളുടെ നീറുന്ന നിലവിളി കേൾക്കാൻ ആർക്ക് സമയം ? ഭരണം നിലനിർത്താനും തിരിച്ചു പിടിക്കാനും രാഷ്ട്രീയ പാർട്ടികൾ ആഞ്ഞുശ്രമിക്കുന്നു. ഇപ്പോൾ ജനം മിണ്ടാപ്രാണിയാണ്. ഇലക്ഷൻ വന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങൾ യജമാനൻമാരാണ്! കേന്ദ്രസംസ്ഥാന സർക്കാരുകൾ ജനത്തെ ഞെക്കിപ്പിഴിഞ്ഞ് ഖജനാവ് നിറയ്ക്കുന്നത് എന്തിനു വേണ്ടി ?
ഏകാധിപത്യ ഭരണമായി നമ്മുടെ നാട് മാറരുത്. കുത്തക കമ്പനികളുടെ കളിപ്പാട്ടമായി സർക്കാർ അധഃപതിക്കരുത്. ഇന്ധന വിലവർധനവ് എന്ന ദുരന്തത്തിൽനിന്നു ജനങ്ങളെ രക്ഷിക്കാനുള്ള അടിയന്തര നടപടികൾ കേന്ദ്രസംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.
റെജി കാരിവേലിൽ, ചിറ്റടി, കോട്ടയം