കോർപറേറ്റ് കടങ്ങൾ തിരിച്ചുപിടിക്കണം
Monday, April 5, 2021 11:39 PM IST
രാജ്യത്തിന്റെ സാന്പത്തിക വളർച്ച അനുദിനം കൂപ്പുകുത്തുന്പോഴും കോർപറേറ്റ് വിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ നയം തുടരുന്നത് അത്യന്തം ഖേദകരമാണ്. വിവിധ ബാങ്കുകളിൽ നിന്നായി വായ്പയെടുത്ത് രാജ്യം വിട്ട 50 കോർപറേറ്റ് ഭീമന്മാരുടെ 68,607 കോടി രൂപയാണ് കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. 201718 സാന്പത്തിക വർഷത്തിൽ 25 ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളിയിരുന്നു. ക്രെഡിറ്റ് ന്യൂസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വൻകിട കോർപറേറ്റുകളുടെ ഏഴു ലക്ഷം കോടി രൂപയാണ് നരേന്ദ്ര മോദി സർക്കാർ എഴുതിത്തള്ളിയത്.
നൽകിയ വായ്പ തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് 100% തീർച്ചപ്പെട്ടാൽ മാത്രമേ എഴുതിത്തള്ളാൻ പാടുള്ളൂവെന്നും അതിനുമുന്പായി വായ്പ തിരിച്ചുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും റിസർവ് ബാങ്കിന്റെ ചട്ടങ്ങളിൽ പറയുന്നുണ്ട്. എന്നാൽ, കോർപറേറ്റുകളുടെ കടങ്ങൾ തിരിച്ചടയ്ക്കാതെ കൊല്ലങ്ങളോളം അവശേഷിപ്പിക്കുകയും ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താനെന്ന പേരിൽ അവ എഴുതിത്തള്ളുകയുമാണ് പതിവ്. ഇതിനെതിരേ ശക്തമായി പ്രതികരിക്കണം. കോർപറേറ്റുകളുടെ കടങ്ങൾ തിരിച്ചുപിടിക്കാൻ രാജ്യത്ത് ശക്തമായ നിയമനിർമാണങ്ങൾ അനിവാര്യമാണ്. അടിസ്ഥാനവശ്യങ്ങൾക്കായി വായ്പയെടുക്കുന്ന സാധാരണക്കാരുടെ കടം ഏതുവിധേനയും തിരിച്ചുപിടിക്കുന്ന സർക്കാർ കോർപറേറ്റ് വെട്ടിപ്പുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്.
ആസ്മി ജോ, രാജാക്കാട്