പ്രചാരണ സാമഗ്രികൾ നീക്കണം
Friday, April 9, 2021 1:23 AM IST
ഒരു മാസം നീണ്ടുനിന്ന, കോടികൾ വാരി വിതറിയ തെരഞ്ഞെടുപ്പ് പ്രചാരണവും തെരഞ്ഞെടുപ്പും കഴിഞ്ഞു. ഇനി വിധി ആസ്വദിക്കാനുള്ള കാത്തിരിപ്പിലാണ് സ്ഥാനാർഥികളും മുന്നണികളും അനുയായികളും. എല്ലാ മുന്നണികളും സ്ഥാനാർഥികളും കൂടി ഈ നാട് വൃത്തികേടാക്കിയിരിക്കുന്നതു നാം കാണാതിരുന്നുകൂടാ.
നാട് മുഴുവൻ തോരണങ്ങളും ഫ്ലക്സ് ബോർഡുകളും കൊടികളും ബാനറുകളും ചുവരുകളും ഇപ്പോൾ അനാഥമായി കിടക്കുകയാണ്. ഇതെല്ലാം ഉടൻ നീക്കി എഴുത്തുകൾ മായിച്ചു മതിലുകൾ പൂർവസ്ഥിതിയിലാക്കണം. ഒരു മാസം കഴിഞ്ഞാൽ തോൽക്കുന്നവർ ആരും തിരിഞ്ഞുനോക്കുകയില്ല. ഇത്തരം കാര്യങ്ങൾക്കും തെരഞ്ഞെടുപ്പു കമ്മീഷൻ മാനദണ്ഡങ്ങൾ ഉണ്ടാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ഇത്തരം പരസ്യങ്ങൾക്കും നിയന്ത്രണം ഉണ്ടാകണം. എവിടെയും എന്തും ഒട്ടിക്കാം, എഴുതാം എന്നു വരുന്നത് ആർക്കും ഭൂഷണമല്ല. എന്തായാലും എല്ലാവരും ചേർന്ന് വേഗത്തിൽ ഇതെല്ലാം നീക്കി നാടിനെ കഴുകി ശുദ്ധീകരിക്കണം.
പയസ് ആലുംമൂട്ടിൽ ഉദയംപേരൂർ