ക്രൂരത കുരുന്നുകളോടും
Monday, April 12, 2021 11:51 PM IST
പത്രദൃശ്യ മാധ്യമങ്ങളിൽ ഈയിടെയായി നിറഞ്ഞുനിൽക്കുന്ന വാർത്തകളാണ് കൊച്ചുകുട്ടികൾ ശാരീരികമായും മാനസികമായും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങുന്നു എന്നത്. തിരിച്ചറിവില്ലാത്ത, പ്രതികരിക്കാനറിയാത്ത ഈ ഇളം പ്രായത്തിൽ അവർക്കേൽക്കുന്ന പീഡനങ്ങൾ അവരുടെ മാനസിക നിലയും ഭാവിജീവിതവും തകർക്കാൻ ഉതകുന്നതാണ്.
ഇന്ന് ഓരോ വീടും ഓരോ ലോകമായി മതിൽക്കെട്ടിനകത്ത് കഴിയുന്പോൾ അവിടെ നടക്കുന്ന ഒരു സംഭവവും പുറംലോകം അറിയുകയേയില്ല. കുട്ടികളും വൃദ്ധരും വീട്ടുകാരിൽനിന്നുതന്നെ ഉപദ്രവങ്ങൾ സഹിക്കേണ്ടിവരികയും അത് പുറംലോകം അറിയാതിരിക്കുകയും ചെയ്യുന്നു. ഭീതിദമായ രംഗങ്ങൾ ഒന്നോർത്തു നോക്കൂ. എത്രമാത്രം പരിതാപകരമാണ് അത്തരം അവസ്ഥകൾ.
വിവാഹമോചനങ്ങൾ പെരുകുകയും കുടുംബം ശിഥിലമാകുകയും, രണ്ടാനമ്മയും രണ്ടാനച്ഛനും ആവിർഭവിക്കുകയും ചെയ്തതോടെ ബലിയാടാകുന്നതേറെയും കൊച്ചുകുട്ടികളാണെന്നതും ശ്രദ്ധേയം.
അയൽവാസികൾക്കും പ്രാദേശിക, സാമൂഹിക പ്രവർത്തകർക്കുമൊക്കെയാണ് ഇത്തരം കാര്യങ്ങളിൽ ക്രിയാത്മകമായി ഇടപെടാനാകുക. കുട്ടികൾക്കുനേരേയുള്ള കൈയേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും സമയം പാഴാക്കാതെ ശിശുക്ഷേമ സമിതി, അടുത്ത പോലീസ് സ്റ്റേഷൻ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെ വിവരം അറിയിക്കുകയും പരിഹാരമാർഗം തേടുകയും വേണം. പോലീസ്, വാളയാർ സംഭവത്തിലെടുത്തതു പോലുള്ള നിഷ്ക്രിയത്വവും നിരുത്തരവാദിത്വവും അലംഭാവവും അവലംബിക്കുകയുമരുത്.
നാളത്തെ തലമുറ, മാനസികശാരീരിക വെല്ലുവിളികളേതുമില്ലാതെ ആരോഗ്യമുള്ളവരായി വളർന്നുവരേണ്ടത് കുടുംബം, സമൂഹം, രാജ്യം എന്നിവയ്ക്കൊക്കെ വിലമതിക്കാനാകാത്ത ഒരു മുതൽക്കൂട്ടുതന്നെയായിരിക്കും.
വി.ജി. പുഷ്കിൻ, വട്ടിയൂർക്കാവ്