ജനപ്രതിനിധികൾ മുൻകൈയെടുക്കണം
Tuesday, April 13, 2021 11:05 PM IST
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നാലു മാസങ്ങൾ കഴിഞ്ഞു. പുതിയ ഭരണസമിതികളിൽനിന്നു പുതിയ നല്ല കാര്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ നാട് മാലിന്യമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഗ്രാമത്തിലുള്ള തോടുകൾ അരുവികൾ മറ്റ് ജലാശയങ്ങൾ എന്നിവയുടെ സംരക്ഷണ അവകാശം ഈ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാണ്.
മഴക്കാലം ആരംഭിക്കാറായി. അതിനുമുമ്പ് അരുവികളിലും തോടുകളിലും നദികളിലും മറ്റും അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യാൻ ഉടൻതന്നെ പദ്ധതികൾ നടപ്പാക്കണം. തൊഴിലുറപ്പു തൊഴിലാളികളും നാട്ടുകാരും ഇതിനായി രംഗത്തിറങ്ങണം. ജനപ്രതിനിധികളും ഭരണസമിതി കളും ഇതിന് നേതൃത്വം കൊടുക്കണം. അതുപോലെതന്നെ വീടുകളിൽനിന്നു പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കണം. വീടും പരിസരവും വൃത്തിയാക്കേണ്ടത് ഓരോ പൗരന്റെയും ചുമതലയാണ്. നാട് മാലിന്യമുക്തവും സുന്ദരവുമാകാൻ ഒരു ജനകീയ മുന്നേറ്റം ഉണ്ടാവട്ടെ
ജോസ് ദേവസ്യ, ഭരണങ്ങാനം