വരുത്തിവച്ച വിന
Friday, April 30, 2021 2:24 AM IST
മഹാമാരിയെക്കുറിച്ചുള്ള സാഹിത്യം നമ്മെ പല കാര്യങ്ങളും ഓർമിപ്പിക്കുന്നു. നോവലിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ ഓർഹാൻ പമുക് പറയുന്നത് “ആളുകൾ എല്ലായ്പോഴും പകർച്ചവ്യാധികളോടു പ്രതികരിച്ചത് അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചും രോഗത്തെ വൈദേശികമായി ചിത്രീകരിച്ചുമാണ്’’. രസകരമായ മറ്റൊരു കാര്യം മഹാമാരികളോടുള്ള ജനങ്ങളുടെ പ്രാരംഭ പ്രതികരണം എല്ലായ്പോഴും സമാനമാണ് എന്നതാണ്. പുച്ഛിച്ചു തള്ളി മുഖം തിരിച്ചു കളയുന്ന പ്രവണത.
കൊറോണാരോഗം ഉണ്ടാകുന്നത് വൈറസ്ബാധ മൂലമാണ്. എന്നാൽ മനുഷ്യരാണ് ഇതു പടർത്തുന്നത്. അതിനാൽ, നിയന്ത്രണം സർക്കാർ ഇടപെടലിനെപ്പോലെ തന്നെ മനുഷ്യർ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യവിദഗ്ധരുടെ ശാസ്ത്രീയ ഉപദേശത്തെക്കാൾ ഭരണപരമായ ആശയങ്ങളെയാണ് സർക്കാരുകൾ കൂടുതൽ ആശ്രയിച്ചിരിക്കുന്നത്. ഉപദേശകരുടെ അജ്ഞതയും തീരുമാനങ്ങളിലെ മെല്ലെപ്പോക്കും കോവിഡിന്റെ സ്ഥിതി കൂടുതൽ വഷളാക്കി .
ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ഇന്ത്യക്ക് ശേഷിയിലും ആവശ്യകതയിലും അന്തരമുണ്ട്. വിദഗ്ധർ വർഷങ്ങളായി ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് റാലികളും വോട്ടെടുപ്പ് പ്രചാരണങ്ങളും മന്ദഗതിയിലുള്ള പ്രതിരോധ കുത്തിവയ്പുകളും മഹോത്സവങ്ങളും കോവിഡ് രണ്ടാം തരംഗത്തിന് കാരണമായി.
ഇന്ത്യയിൽ എല്ലാവരിലും തങ്ങൾ കോവിഡിനെ കീഴടക്കി എന്ന ഒരു വ്യാജ തോന്നൽ ഉണ്ടായി. തങ്ങൾ പ്രതിരോധശേഷി നേടിയെന്ന് ചിലർക്കു തോന്നി. എല്ലാവരും ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിച്ചു. ഇത്തരം വിവരണങ്ങൾ നിരവധിപ്പേർക്കു സ്വീകാര്യമായി. എന്നാൽ ജാഗ്രത കൈവിടരുതെന്ന ശബ്ദം നേർത്തുപോയി, ആരും ശ്രദ്ധിച്ചില്ല. അലങ്കാരത്തുന്നലുകൾ നടത്തിയ മാസ്കുകളും ബ്രേക്ക് ദ ചെയിൻ ടീ ഷർട്ടുകളും ധരിക്കുന്നതിൽ പുതുതലമുറ ആവേശം പൂണ്ടു.
സർക്കാരിന്റെയും സമൂഹത്തിന്റെയും അലംഭാവവും വൈറസ് വ്യാപനത്തെ നിരീക്ഷിക്കുന്നതിലുണ്ടായ പരാജയവും ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തിന് കാരണമായി. ഇനിയും ആവർത്തിച്ചേക്കാവുന്ന തരംഗത്തിന്റെ സാധ്യതയെക്കുറിച്ച് കുറഞ്ഞത് രണ്ടു വർഷമെങ്കിലും ഇന്ത്യ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആശുപത്രികൾ, കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത രാജ്യത്ത് വർധിപ്പിക്കേണ്ടതുമുണ്ട്.
കേരളത്തിന്റെ ഉയർന്ന കോവിഡ് വ്യാപനത്തിനു കാരണം ജനസംഖ്യാ ഘടകങ്ങളാണ്. വളരെ ജനസാന്ദ്രതയുള്ള സംസ്ഥാനമായ കേരളം തുടർച്ചയായ ഒരു നഗരം പോലെയാണ്. 65 വയസിനു മുകളിലുള്ളവരുടെ ജനസംഖ്യയും വളരെ ഉയർന്നതാണ്. ആദ്യവ്യാപനത്തിനുശേഷം ആഘോഷങ്ങൾക്കും രണ്ടു തെരഞ്ഞെടുപ്പുകൾക്കും കാര്യമായ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയില്ല. ജീവിതശൈലീരോഗങ്ങൾ താരതമ്യേന കൂടുതലുള്ള സംസ്ഥാനവുമാണ് കേരളം. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് കൂടുതലുള്ള മുതിർന്ന പൗരന്മാരുടെ എണ്ണം കേരളത്തിൽ കൂടുതലാണ്. ഉയർന്ന രക്തസമ്മർദമുള്ള പുരുഷന്മാരുടെ അനുപാതത്തിൽ സിക്കിമിനും മണിപ്പൂരിനും തൊട്ടുപിന്നിലാണ് കേരളം.
ഈ കാലത്തെയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്. മഹാമാരിയുടെ ഇരുട്ടിനപ്പുറം തീർച്ചയായും വെളിച്ചമുണ്ടാവും. രോഗബാധയുടെ കണ്ണികള് പൊട്ടിക്കാൻ നമുക്ക് ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും നിയമപാലകരും പറയുന്നത് അനുസരിക്കാം.
ടോണി ചിറ്റിലപ്പിള്ളി