വികേന്ദ്രീകരണമാണു പരിഹാരം
Tuesday, May 11, 2021 1:16 AM IST
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുകച്ചവടം നടന്നുവെന്നാണു പ്രധാന രാഷ്ട്രീയ കക്ഷികൾ പരസ്പരം ആരോപിക്കുന്നത്. ഓരോ പാർട്ടിക്കും കിട്ടിയ വോട്ടുകളുടെ ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാണിച്ചാണ് ഇതു സമർഥിക്കുന്നത്. എല്ലാം വോട്ടർമാരും ഏതെങ്കിലും പാർട്ടിയിൽപ്പെട്ടവരാണെന്ന ധാരണയിലാണ് ഈ വിലയിരുത്തൽ നടത്തിയിരിക്കുന്നത്.
സ്ഥാനാർഥിയെയും വർത്തമാനകാല സാഹചര്യങ്ങളെയും വിലയിരുത്തി വോട്ട് ചെയ്യുന്നവരാണു ബഹുഭൂരിപക്ഷം നിഷ്പക്ഷ വോട്ടർമാരും. ഇവരാണ് ഇത്തരം വ്യതിയാനത്തിനു കാരണമാകുന്നത്. ഈ സ്വതന്ത്രമായ വോട്ടവകാശ വിനിയോഗത്തെ വോട്ടുകച്ചവടം എന്നു തെറ്റായി വ്യാഖ്യാനിക്കുന്നതു വോട്ടർമാരെയും ജനാധിപത്യ സംവിധാനത്തെയും അവഹേളിക്കലല്ലേ?
മുൻകാലങ്ങളിൽ തങ്ങളുടെ കേഡർ വോട്ടുകൾ മറിച്ചുനൽകിയിട്ടുണ്ട് എന്നു പല പാർട്ടികളും തുറന്നുപറയുന്നുണ്ട്. അങ്ങനെയെങ്കിൽ അവർ നിർത്തിയ സ്ഥാനാർഥിയെയും ആ സ്ഥാനാർഥിക്കുവേണ്ടി വോട്ടുചെയ്ത അനുഭാവികളെയും അഭ്യുദയകാംക്ഷികളെയും നിഷ്പക്ഷ വോട്ടർമാരെയും പ്രസ്തുത പാർട്ടികൾ വഞ്ചിക്കുകയായിരുന്നില്ലേ. ഇത് അധാർമികമല്ലേ.
ജാതി മത ശക്തികളും ചില നിക്ഷിപ്ത താത്പര്യക്കാരും വോട്ടർമാരെ പ്രത്യേകമായി സ്വാധീനിച്ചും നിർബന്ധിച്ചും വോട്ടു ചെയ്യിച്ചു എന്നും ആരോപണമുയരുന്നു. ഇതു വാസ്തവമാണെങ്കിൽ അതും സ്വതന്ത്രമായ ജനാധിപത്യ പ്രക്രിയയുടെ അന്തഃസത്തയ്ക്കു യോജിക്കാത്തതാണ്.
ഈ മൂന്നു സാഹചര്യങ്ങളും വിരൽ ചൂണ്ടുന്നതു കേന്ദ്രീകൃത സ്വഭാവമുള്ള ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വൈകല്യത്തിലേക്കാണ്. കൂടുതൽ വികേന്ദ്രീകൃതമായ തെരഞ്ഞെടുപ്പു സംവിധാനമാണ് ഇതിനു പരിഹാരം.
എം. പീതാംബരൻ മാസ്റ്റർ,ചെയർമാൻ, സർവോദയ ട്രസ്റ്റ്