കൊള്ളലാഭവും കൃത്യവിലോപങ്ങളും
Saturday, May 15, 2021 12:52 AM IST
കോവിഡെന്ന മഹാമാരിയുടെ അഴിയാക്കുരുക്കിൽ കിടന്ന് പ്രാണനുവേണ്ടി പിടയുകയാണ് രാജ്യം. കേരളത്തിലും രോഗികളുടെ എണ്ണവും മരണനിരക്കും നിയന്ത്രിക്കാനാകുന്നില്ല. ശ്വാസം കിട്ടാതെ ആയിരങ്ങൾ പിടയുന്പോഴും പണം കൊയ്തു കീശ നിറയ്ക്കുന്ന ഒരുപറ്റം ആളുകൾ നമുക്കുചുറ്റുമുണ്ട്. മാസ്കും സാനിറ്റൈസറും അമിത വിലയ്ക്കു വിൽക്കുന്നവർ മുതൽ കോവിഡ് ചികിത്സയ്ക്ക് അമിത ചാർജ് ഈടാക്കുന്ന ആശുപത്രികളും പരിശോധനയ്ക്ക് വലിയ തുക ഈടാക്കുന്ന ലാബുകളുമെല്ലാം നിരവധിയാണ്.
വാക്സിനേഷന് പല പദ്ധതികളും മെനഞ്ഞു. എന്നാൽ വാക്സിനെവിടെ? ആർക്കുമില്ല ഉത്തരം. പദ്ധതി ഉണ്ടാക്കിയവർ അതേപ്പറ്റി മിണ്ടുന്നേയില്ല. ഈ രാജ്യത്ത് വാക്സിൻ നിർമിക്കാൻ അനുമതിയുള്ളത് കൊള്ളലാഭമെടുക്കുന്ന രണ്ട് കോർപറേറ്റ് ഭീമന്മാർക്കു മാത്രമാണ്. ഈയിടെയായി കോവിഡ് മൂലം മരണമടയുന്നവരിൽ യുവാക്കളുടെയും മധ്യവയസ്ക്കരുടെയും എണ്ണം കൂടി വരുന്നു എന്ന വസ്തുത ഗൗരവപൂർവം കണക്കിലെടുക്കേണ്ടതുണ്ട്. ലാഭക്കൊതിയും അലംഭാവവും മാറ്റിവച്ച് അധികാരികളും നടത്തിപ്പുകാരും യുദ്ധകാലാടിസ്ഥാനത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടത് ജനനന്മയ്ക്കും രാജ്യക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്.
കൊഴുവനാൽ ജോസ് ഈസ്റ്റ് മാറാടി, മൂവാറ്റുപുഴ