വീണ്ടും പൈങ്കിളി സീരിയലുകൾ
Monday, September 4, 2023 12:52 AM IST
ദൃശ്യമാധ്യമങ്ങളിൽ റിയാലിറ്റി ഷോയുടെ കടന്നുവരവോടുകൂടി കണ്ണീർ പരന്പരകൾ അല്പം പിറകോട്ടു പോയതായിരുന്നു. എന്നാൽ, പൂർവാധികം ശക്തിയോടെ പൈങ്കിളി സീരിയലുകൾ തിരിച്ചുവരുന്ന കാഴ്ചയാണ് അടുത്തകാലത്തായി കാണുന്നത്. മാനസിക സംസ്കാരത്തെയും സദാചാരമൂല്യങ്ങളെയും തകർക്കുംവിധം പൈങ്കിളി പരന്പരകൾ സംഹാരതാണ്ഡവമാടുന്നു.
കേരളത്തിന്റെ പൈതൃകമായ കുടുംബബന്ധങ്ങളെ ഉലയ്ക്കുംവിധം ചാനലുകൾ തരംതാണുപോയിരിക്കുന്നു. കേരളത്തിലെ വനിതാ കമ്മീഷനു മുന്നിൽ വരുന്ന കേസുകളിൽ ഭൂരിഭാഗവും കണ്ണീർ സീരിയലുകളുടെ സൃഷ്ടിയാണെന്നു വനിതാ കമ്മീഷൻതന്നെ പറയുകയുണ്ടായി.
കുടുംബാംഗങ്ങളുമായി ഒന്നിച്ചിരുന്നു കാണാൻ കൊള്ളാവുന്ന പരന്പരകൾ നിർമിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനാണ് ദൃശ്യമാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടത്. കണ്ണീർ പരന്പരകളിൽനിന്നു കരകയറേണ്ടത് സാംസ്കാരിക കേരളത്തിന്റെ അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു.
വി.എസ്. ബാലകൃഷ്ണപിള്ള
മണക്കാട്ട്, തൊടുപുഴ