നീതി വേഗത്തിൽ ലഭ്യമാക്കണം
Monday, January 1, 2024 12:43 AM IST
രാജ്യത്തെ വിവിധ കോടതികളിലായി അഞ്ചുകോടിയിലേറെ കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന ദയനീയ സ്ഥിതി വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. കേന്ദ്ര നിയമമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച കണക്ക് പ്രകാരം സുപ്രീംകോടതിയിൽ എണ്പതിനായിരത്തോളവും ഹൈക്കോടതികളിൽ 61 ലക്ഷത്തോളവും ജില്ലാ, സബോർഡിനേറ്റ് കോടതികളിൽ 4.46 കോടിയോളവും കേസുകളാണ് തീർപ്പു കല്പിക്കാനുള്ളത്. കേസിന്റെ അന്തിമമായ തീർപ്പിന് വർഷങ്ങൾ കാത്തിരിക്കേണ്ട പരിതാപകരമായ അവസ്ഥയാണ് ഇത് കാണിക്കുന്നത്.
കീഴ്ക്കോടതികളിൽ ക്രിമിനൽ കേസുകളെ അപേക്ഷിച്ച് സിവിൽ കേസുകളുടെ തീർപ്പിനാണ് കൂടുതൽ കാലദൈർഘ്യം. സിവിൽകേസുകളുടെ നിലവിലെ നടപടിക്രമവും കേസുകൾ നീണ്ടുപോകുന്നതിനു കാരണമാണ്. 1908 ലെ സിവിൽ നടപടി നിയമത്തിൽ കാലാനുസൃതവും കാതലായതുമായ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. കേസുകളുടെ ബാഹുല്യം തീർപ്പു കല്പിക്കുന്നതിന് കാലതാമസം വരുത്തുന്നതിനാൽ കൂടുതൽ കോടതികൾ സ്ഥാപിക്കേണ്ടത് നീതി വേഗത്തിൽ ലഭ്യമാക്കുന്നതിന് അത്യാവശ്യമാണ്.
വൈകി ലഭിക്കുന്ന നീതി, നീതിനിഷേധത്തിനു തുല്യമാണെന്നത് അന്വർത്ഥമാക്കുന്നതാണ് പല കേസുകളുടെയും തീർപ്പിന് വരുന്ന കാലതാമസം. വിചാരണക്കോടതിയിലെയും അപ്പീൽ ഉണ്ടെങ്കിൽ അപ്പീൽ കോടതികളിലെയും നടപടികൾ പൂർത്തിയാക്കി അന്തിമമായ തീർപ്പിന് വർഷങ്ങൾ കാത്തിരിക്കണമെന്ന ദുഃസ്ഥിതി ഒരു പരിഷ്കൃത സമൂഹത്തിൽ അചിന്തനീയവും ഒഴിവാക്കപ്പെടേണ്ടതുമാണ്. അതിനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിക്കുന്നു.
മുരളീമോഹൻ, മഞ്ചേരി