അതതു കാലഘട്ടത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ദീര്ഘവീക്ഷണബന്ധിയായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയെന്നതു വികസനത്തിന്റെ അടിസ്ഥാനമാണ്. ഇത്തരുണത്തില്‍ ഇന്നത്തെ പ്രധാന ഒരു പ്രശ്നം നമ്മുടെ യുവതയുടെ മടക്കമില്ലാത്ത കുടിയേറ്റമാണ്.
രാജ്യത്തിന്റെ ഭാവി യുവതയിലാണല്ലോ നിലകൊള്ളുന്നത്? സ്വൈരജീവിതവും കര്‍ക്കശമായ നിയമവാഴ്ചയും ജീവിക്കാനാവശ്യമായ പഠനതൊഴില്വേതന സംവിധാനങ്ങളൊരുക്കിയും നമ്മുടെ യുവതയെ രാജ്യത്തു നിലനിര്‍ത്താനാകണം; അന്ധമായ പ്രവാസത്വരയെ പ്രത്യാശാനിര്‍ഭരമായ പദ്ധതികളുടെ നടത്തിപ്പിലൂടെ നമുക്ക് തിരുത്താനാകണം.
പാര്‍ലമെന്റിന്റെ ഇരുസഭകളും ഇക്കാര്യത്തിൽശ്രദ്ധയൂന്നണം. നാളെയുടെ മക്കളില്‍ ദേശസ്നേഹം കൂടുതൽ ഊർജസ്വലവും ഉറപ്പുള്ളതുമാക്കുന്നതിൽ ജനപ്രതിനിധികൾ ശ്രദ്ധിക്കണം; പൊതുനന്മയും നാടിന്റെ സ്പന്ദനവും എംപിമാര്‍ തിരിച്ചറിഞ്ഞ് സ്വാർഥത വെടിയണം. യുവതയുടെ പൊഴിഞ്ഞുപോക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ സമസ്തമേഖലയിലും മുരടിപ്പിക്കുമെന്നു മറക്കാതിരിക്കാം. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ജീവിതനിലവാരവും ഉയരട്ടെ. സ്വാശ്രയഭാരതം വളരട്ടെ!
ടോം ജോസ് തഴുവംകുന്ന്