""ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു'' എന്നുള്ള നിരവധി വാർത്തകൾ, അടുത്തകാലത്തായി പത്രങ്ങളിലും മറ്റ് ദൃശ്യമാധ്യമങ്ങളിലും കാണുന്നു. രണ്ടു ദിവസം മുന്‍പാണ് കൊച്ചിയിൽ, വിദ്യാർഥികളെ സ്കൂളിലേക്ക് കയറ്റിക്കൊണ്ടുവരാൻ പോകുന്ന വഴി, സ്വകാര്യ ബസിന് തീപിടിച്ച് കത്തിനശിച്ചത്. വിദ്യാർഥികൾ യാത്ര ചെയ്യുമ്പോഴായിരുന്നു ഈ സംഭവം ഉണ്ടായതെങ്കിലോ? ഞെട്ടിക്കുന്ന ദുരന്തമായിത്തീർന്നേനെ.
എന്തുകൊണ്ടാണ് ഇത്തരത്തിൽ, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് പെട്ടെന്നു തീപിടിക്കുന്നത്? ഇലക്ട്രിക് സർക്യൂട്ടിന്റെ തകരാറ് മൂലമാണോ? ബസുകളുടെയും ലോറികളുടെയും മറ്റും ഫിറ്റ്നസ് ശരിയാംവണ്ണം പരിശോധിക്കപ്പെടുന്നുണ്ടോ? പെട്രോളിലും ഡീസലിലും ഓയിൽ കമ്പനികൾ ചേർക്കുന്ന എത്തനോൾ ആണോ അപകടമുണ്ടാക്കുന്നത്? സസ്യജന്യമായ എത്തനോൾ ചേർക്കുന്നത് പെട്രോളിയം ഉത്പ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാൻ പ്രയോജനകരമായിരിക്കാം.
പക്ഷേ, വാഹനത്തിൽ ഇന്ധനം കടന്നുപോകുന്ന റബർ ട്യൂബുകളിൽ ചെറുദ്വാരമുണ്ടാക്കി, എത്തനോൾ ആഹാരമാക്കുന്ന ചെറുവണ്ടുകൾ അപകടകാരണമാകുന്നുണ്ടോ? ഇത്തരം ചെറുദ്വാരങ്ങളിലൂടെ പുറത്തുവരുന്ന ഇന്ധനം എന്ജിൻ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ചൂടുമൂലം കത്തി അപകടങ്ങൾക്ക് കാരണമാകുന്നു എന്ന ആരോപണത്തിൽ കഴമ്പുണ്ടോ?
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരോ, പൊതുമരാമത്ത് (മെക്കാനിക്കൽ) വകുപ്പോ സംസ്ഥാനത്തെ നിരവധി എന്‍ജിനിയറിംഗ് കോളജുകളിൽ പ്രവർത്തിക്കുന്ന മെക്കാനിക്കൽ എന്‍ജിനിയറിംഗ് വിദഗ്ധരോ ആരുംതന്നെ ഗുരുതരമായ ഈ പ്രശ്നം പഠനവിഷയമാക്കിയതായി അറിവില്ല.
സംസ്ഥാന സർക്കാർ ഇത്തരം സംഭവങ്ങളെപ്പറ്റി പഠിച്ച് അപകടകാരണങ്ങൾ കണ്ടെത്താനും, പരിഹാരമാർഗങ്ങൾ നിർദേശിക്കാനുമായി ഒരു വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു.
ഡോ. സിബി മാത്യൂസ് , തിരുവനന്തപുരം