തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനിറങ്ങിയ ശുചീകരണത്തൊഴിലാളി മരിച്ചതിന്റെ പേരിൽ സർക്കാരുകളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ?
പതിറ്റാണ്ടുകളായി മാലിന്യ നിർമാർജനത്തിനു വേണ്ടി സർക്കാരുകൾ കോടിക്കണക്കിന് രൂപ ചെലവാക്കി പ്രചാരണവും പരസ്യവും നടത്തിയും ശുചീകരണ തൊഴിലാളികളെ നിയമിച്ചും പല രീതിയിൽ മാലിന്യ സംസ്കരണത്തിന് പ്രവർത്തിച്ചിട്ടും പൊതുവഴിയിലും ജലസ്രോതസുകളിലും റോഡിലും മാലിന്യം വലിച്ചെറിയുന്ന പൊതുജനങ്ങളാണ് പ്രധാന കുറ്റക്കാർ.
സിസിടിവിയും ആധുനിക സജ്ജീകരണങ്ങളും ഉപയോഗിച്ച് ഒരിക്കലുപയോഗിച്ചവ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നവരെ കണ്ടെത്തി അവരിൽനിന്നു കനത്ത പിഴയും പൊതു ഇടങ്ങൾ ശുചീകരണം നടത്തുന്നതടക്കമുള്ള ശിക്ഷാവിധികളും നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും അതിലെ യുവജന സംഘടനകളും തയാറാവണം. ജനാധിപത്യം തരുന്ന സ്വാതന്ത്ര്യത്തോടൊപ്പം ചില ചുമതലകളും കടമകളും കൂടി ജനങ്ങൾ ചെയ്യേണ്ടതുണ്ട്. ഇല്ലേ?
ഉണ്ണികൃഷ്ണൻ മംഗലശേരി മഞ്ചേരി, മലപ്പുറം