"ജോയിയുടെ മരണം: പൊതുജനങ്ങളും കുറ്റക്കാർ' എന്ന തലക്കെട്ടിൽ ഉണ്ണികൃഷ്ണൻ മംഗലശേരി എഴുതിയ പ്രതികരണം വായിക്കാനിടയായി.
മാലിന്യങ്ങൾ, പ്രത്യേകിച്ച് ഭക്ഷണാവശിഷ്ടങ്ങൾ, ഒഴിഞ്ഞ കുടിവെള്ള മദ്യക്കുപ്പികൾ തുടങ്ങിയവ കാണുന്ന സ്ഥലത്തേക്ക് വലിച്ചെറിയുക എന്നത് മലയാളികളുടെ ഒരു പൊതുസ്വഭാവമാണ്. എന്നാൽ ഇതിനൊരു മറുവശംകൂടി ഉണ്ടെന്നുള്ളത് നമ്മൾ അംഗീകരിക്കണം.
സ്വന്തമായി സ്ഥലമില്ലാത്തവർ മാലിന്യങ്ങൾ എവിടെക്കൊണ്ടിടും? വീടുകളിൽനിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നതിനൊപ്പം ആശുപത്രികളുടെ പരിസരങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ പൊതുജനങ്ങൾക്കു മാലിന്യം നിക്ഷേപിക്കാൻ സൗകര്യമൊരുക്കണം. അവ തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ സംഭരിച്ച് വേർതിരിച്ച് ഉപയോഗപ്പെടുത്തണം.
ജൈവവസ്തുക്കൾ വളമാക്കിയും അജൈവ മാലിന്യങ്ങൾ റീസൈക്കിൾ ചെയ്തും ഉപയോഗിക്കാം. ഇതിന് അധികൃതർ മുൻകൈയെടുക്കുകയും പൊതുജനങ്ങൾക്കു ബോധവത്കരണം നടത്തുകയും വേണം.
ഇതു ചെയ്യാതെ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ ശിക്ഷിക്കണം എന്നു പറയുന്നതിൽ യുക്തിയില്ലെന്നു തോന്നുന്നു.
തോമസ് മാസ്റ്റർ, കാഞ്ഞിരപ്പുഴ