മഹാനിഘണ്ടുക്കളുടെ ശില്പി ഡോ. ബി.സി. ബാലകൃഷ്ണൻ അന്തരിച്ചു
Tuesday, September 26, 2023 6:33 AM IST
തിരുവനന്തപുരം: മഹാ നിഘണ്ടുക്കളുടെ ശില്പിയും പ്രശസ്ത ഭാഷാപണ്ഡിതനും എഴുത്തുകാരനും ആത്മീയ ആചാര്യനും കേരള സർവകലാശാലാ മലയാളം ലെക്സികൻ വിഭാഗം മേധാ വിയുമായിരുന്ന ഡോ. ബി.സി. ബാലകൃഷ്ണൻ (96) അന്തരിച്ചു. വസതിയായ കവടിയാർ ജവഹർനഗർ ഡി-8 ബാൽരാജിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു 12ന് തൈക്കാട് ശാന്തി കവാടത്തിൽ.
ലോകത്തിൽ ഏറ്റവും കൂടുതൽ നിഘണ്ടുക്കൾ പുറത്തിറക്കിയ വ്യക്തിയെന്ന റിക്കാർഡ് ഡോ. ബി.സി. ബാലകൃഷ്ണന്റെ പേരിലാണ്. ലോകത്തിലെ ആദ്യനിഘണ്ടു നിർമാണ സൊസൈറ്റിയായ ലെക്സിക്കോഗ്രാഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യക്ക് 1975ൽ ബി.സി. ബാലകൃഷ്ണൻ രൂപം നൽകി. 18,000 ശ്ലോകങ്ങളുള്ള ദേവീ ഭാഗവതത്തിന്റെ വ്യാഖ്യാനത്തിലായിരുന്നു അവസാന നാളുകളിൽ.
കേരള സർവകലാശാല മലയാളം ലെക്സികൻ വിഭാഗം മേധാവിയായിരുന്ന കാലത്ത് മലയാള മഹാനിഘണ്ടുവിന്റെ 4, 5, 6 വോള്യങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ഭാഷാ വിജ്ഞാനം, നമ്മുടെ സംസ്കാരത്തിന്റെ വേരുകൾ, സംസ്കൃത സ്വാധീനം മലയാളത്തിൽ, ലളിത സഹസ്രനാമം, ദേവീ മാഹാത്മ്യം, സൗന്ദര്യലഹരി, ലളിതാ ത്രിശതി, ഹരിനാമ കീർത്തനം, നാരായണീയം, വിഷ്ണു സഹസ്ര നാമം, ലളിത ഉപാഖ്യാനം, കനകധാര സഹസ്രനാമം, ശിവാനന്ദ ലഹരി എന്നീ കൃതികളും വ്യാഖ്യാനങ്ങളും രചിച്ചു.
ശബ്ദസാഗരം, ശബ്ദ സുരഭി അധ്യാത്മ രാമായണ വിജ്ഞാന കോശ നിഘണ്ടു എന്നീ നിഘണ്ടുക്കളും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, ഇന്റർ നാഷണൽ സ്കൂൾ ഓഫ് ദ്രവിഡീയൻ ലിറ്ററേച്ചർ അവാർഡ്, സിവി സാഹിത്യ പുരസ്്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: റിട്ട. പ്രഫ. പരേതയായ രാജമ്മ. മക്കൾ: ബി.ആർ.ബാലകൃഷ്ണൻ, ബി.ആർ. ബലറാം, ബി.ആർ. ബാലചന്ദ്രൻ. മരുമക്കൾ: ആശാ നായർ, ഹേമലതാ നായർ, സൗമ്യാ ബാലചന്ദ്രൻ.