മാധ്യമപ്രവര്‍ത്തകര്‍ കരിങ്കൊടിക്കാരെ സംഘടിപ്പിക്കേണ്ടതില്ല: മുഖ്യമന്ത്രി
Saturday, December 9, 2023 1:34 AM IST
കൊച്ചി: നവകേരള സദസിനിടെ മാധ്യമപ്രവര്‍ത്തകനു മര്‍ദനമേറ്റ സംഭവത്തില്‍ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണം.
മാധ്യമപ്രവര്‍ത്തനം നടത്താത്തതിന്റെ ഭാഗമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് അറിയില്ല. നിങ്ങള്‍ക്ക് കരിങ്കൊടി കാണിക്കേണ്ട ആവശ്യമില്ലല്ലോ. മാധ്യമപ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധക്കാരെ സംഘടിപ്പിക്കേണ്ട സാഹചര്യമില്ല. ചില സ്ഥലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം ആളുകളെയും സംഘടിപ്പിച്ചു പോകുന്ന നിലയുണ്ട്. അതു സാധാരണ മാധ്യമപ്രവര്ത്തനത്തില്പ്പെടുന്നതല്ല. മാധ്യമപ്രവര്‍ത്തകരെ മർദിച്ച സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ അന്വേഷിക്കാം. വാഹനങ്ങള്‍ക്കു മുന്നില്‍ ചാടി പ്രതിഷേധിക്കുന്ന പ്രവണത വീണ്ടും കൂടിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘"ഗവര്‍ണര്‍ക്ക് കിട്ടുന്ന പരാതികളിൽ വിശദീകരണം പതിവില്ല’’
സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആര്.എസ്. ശശികുമാര്‍ നല്കിയ പരാതിയില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി. ഗവര്‍ണര്‍ക്ക് കിട്ടുന്ന പരാതികള്‍ സര്‍ക്കാരിന് അയയ്ക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ അതിനു വിശദീകരണം നല്‍കുന്നതും പതിവില്ല. ഗവര്‍ണര്‍ക്കു ബോധ്യപ്പെട്ട കാര്യം സര്‍ക്കാരിനോടു ചോദിച്ചാല്‍ മറുപടി നല്‍കാം. എന്നാല്‍ ആരെങ്കിലും അയച്ച കത്തില്‍ മറുപടി ചോദിച്ചാല്‍ വിശദീകരണം നല്‍കേണ്ടതില്ല. ഈ ഗവര്‍ണര്‍ മുമ്പും സമാനമായ കാര്യം ചെയ്തിട്ടുണ്ട്. അത് അഭികാമ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.